1. അഹമ്മദ് താഹ ഹുസൈൻ 2. അൽത്താഫ് ഹുസൈൻ വെട്ടത്തൂർ 3. ബോബി തോമസ് 4. ജോഷി ജോർജ്
5. തമീന ഫാത്തിമ 6. എൻ.എം. നാസിഫ് 7. മുഹമ്മദ് അൽഫാൻ
കൊച്ചി: വേനലവധിക്കാലത്ത് അറിവിന്റെയും തൊഴിൽസാധ്യതകളുടെയും അനന്തമായ ആകാശം തുറന്നിടുന്ന മാധ്യമം എജുകഫേ കൊച്ചിയിൽ കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. വെള്ളി, ശനി ദിവസങ്ങളിൽ കലൂർ റെന ഇവന്റ് ഹബ്ബിലാണ് വിദ്യയുടെയും വിജ്ഞാനത്തിന്റെയും ആഘോഷം അരങ്ങേറുക.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർ അറിവും അനുഭവങ്ങളും പങ്കുവെക്കുന്ന എക്സ്പീരിയൻസ് കഫേ ആണ് രണ്ടാംദിവസത്തെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ശാസ്ത്രസാങ്കേതിക വിദ്യ, നിയമം, കായികം, മാധ്യമപ്രവർത്തനം, കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഈ സെഷനിൽ പങ്കെടുക്കുക.
പ്രൊഡക്റ്റ് ഡിസൈനറും സ്റ്റോറിടെല്ലറുമായ അഹ്മദ് താഹ ഹുസൈൻ യു.എക്സ് അടിസ്ഥാനങ്ങളെകുറിച്ചും മറ്റും സംസാരിക്കാനെത്തും. സാൻഡിമാൻ എന്ന മസ്കോട്ട് രൂപകൽപ്പന ചെയ്ത അദ്ദേഹം ബോംബെ ഐ.ഐ.ടിയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനിൽനിന്ന് പഠനം പൂർത്തിയാക്കി, വിവിധ ഡിസൈൻ ഫെസ്റ്റിവലുകളിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
കേരള ഹൈകോടതി അഭിഭാഷകനായ ബോബി തോമസ് എക്സ്പീരിയൻസ് കഫേയിൽ സംസാരിക്കും. എറണാകുളം ഗവ. ലോകോളജിൽ എൽ.എൽ.ബിയും കുസാറ്റിൽനിന്ന് എൽ.എൽ.എമ്മും കരസ്ഥമാക്കിയ അദ്ദേഹം ഈ മേഖലയിലെ തന്റെ അനുഭവ സമ്പത്ത് സദസ്സിനായി പങ്കുവെക്കും.
യു.എസിലെ വിർജീനിയയിലുള്ള വില്യം ആൻഡ് മേരി സർവകലാശാലയിൽനിന്ന് കൾച്ചറൽ ആന്ത്രോപോളജിയിൽ പി.എച്ച്.ഡി ഗവേഷണത്തിന് മൂന്നുകോടിയുടെ സ്കോളർഷിപ്പ് സ്വന്തമാക്കിയ അൽത്താഫ് ഹുസൈൻ വെട്ടത്തൂരാണ് മറ്റൊരു അതിഥി. മാധ്യമ ലേഖകനും കാർട്ടൂണിസ്റ്റും വ്യക്തിത്വ പരിശീലകനുമായ ജോഷി ജോർജും ഈ സെഷനിൽ സംവദിക്കുന്നുണ്ട്. 2008 മുതൽ സക്സസ് പിരമിഡ് എന്ന വ്യക്തിത്വ പരിശീലന പരിപാടി നയിക്കുന്ന അദ്ദേഹം കേരള കാർട്ടൂൺ അക്കാദമി സ്ഥാപകാംഗം, സെക്രട്ടറി എന്നതുൾപ്പെടെ ഒട്ടേറെ ചുമതലകൾ വഹിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
അണ്ടർ-17 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിതാ ടീമിലെ മലയാളി ഗോൾകീപ്പറായ തമീന ഫാത്തിമയാണ് പുതുതലമുറയെ തന്റെ ജീവിതം പറഞ്ഞ് പ്രചോദിപ്പിക്കാനെത്തുന്ന മറ്റൊരാൾ. കൊച്ചി കലൂരിനടുത്ത് കറുകപ്പള്ളിയിൽ താമസിക്കുന്ന തമീന കിർഗിസ്ഥാനിൽ നടന്ന യോഗ്യതമത്സരങ്ങളിലൂടെ ഏഷ്യൻ കപ്പിന് സെലക്ഷൻ ലഭിച്ച ടീമിലുണ്ടായിരുന്നു. ടീമിലെ ഏക മലയാളി താരം കൂടിയായിരുന്നു.
ഡേറ്റ അനലറ്റിക്സിന്റെ പുതുപാഠങ്ങൾ പകരാൻ ഈ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായ മുഹമ്മദ് അൽഫാൻ എജുകഫേ വേദിയിലെത്തുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യ്വബ്ൾ പ്രഫഷനൽ അവാർഡ് നേടിയ അദ്ദേഹം അജ്മാൻ, ഖലീഫ, ഖത്തർ യൂനിവേഴ്സിറ്റികളിൽ അധ്യാപനം നടത്തിയിട്ടുണ്ട്. ഡേറ്റ അനലറ്റിക്സ് സംബന്ധിച്ച് പുസ്തകം രചിച്ച ഇദ്ദേഹം ഈ മേഖലയിലുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകും.
ചെറുപ്പക്കാർക്കായി സ്റ്റാർട്ടപ്പുകളെ കുറിച്ചും സംരംഭകത്വത്തിന്റെ വലിയ സാധ്യതകളെ കുറിച്ചും വിശദമായി പരിചയപ്പെടുത്തുന്ന ബ്രേക്കിങ് ബാരിയേഴ്സ്: ദി സ്റ്റാർട്ടപ്പ് മൈൻഡ് സെറ്റ് എന്ന പ്രത്യേക സെഷൻ ആദ്യ ദിനം ശ്രദ്ധയാകർഷിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ആയ എൻ.എം. നാസിഫാണ് ഈ സെഷൻ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.