പരീക്ഷാ ചുമതലയുള്ളവർക്കായി ‘പരീക്ഷ കർമ്മയോഗി’; പുതിയ പരിശീലന പദ്ധതിയുമായി എൻ.ടി.എ

ന്യൂഡൽഹി: ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ കാര്യക്ഷമവും ഏകീകൃതവുമാക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷ ചുമതലയുള്ളവർക്കായി പ്രത്യേക പരിശീലന പദ്ധതി അവതരിപ്പിച്ച് ദേശീയ പരീക്ഷാ ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷാ കേന്ദ്രങ്ങളിലെ മേൽനോട്ടവും പരീക്ഷാ നടത്തിപ്പും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘പരീക്ഷ കർമ്മയോഗി’ എന്ന പ്രത്യേക പരിശീലന പദ്ധതിയാണ് ആരംഭിച്ചത്. സെന്റർ സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർമാർ, മറ്റ് പരീക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സർക്കാരിന്റെ ഐഗോട്ട് കർമയോഗി ഭാരത് പ്ലാറ്റ്ഫോം (iGOT കർമയോഗി ഭാരത് പ്ലാറ്റ്ഫോം) വഴിയാണ് ഡിജിറ്റൽ പരിശീലനം നൽകുന്നത്. ഓഫ്‌ലൈൻ (പേന-പേപ്പർ) പരീക്ഷകൾ സുരക്ഷിതവും സുതാര്യവും ഏകീകൃത മാനദണ്ഡങ്ങൾ പാലിച്ചും നടത്താൻ ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ പദ്ധതിയിലൂടെ പരീക്ഷ മേൽനോട്ടം ശക്തിപ്പെടുത്തുകയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും രാജ്യത്തുടനീളം പരീക്ഷകൾ ന്യായമായും സുരക്ഷിതമായും നിലവാരമുള്ള രീതിയിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് എൻ.ടി.എ അറിയിച്ചു.

പരിശീലനത്തിൽ പരീക്ഷയുടെ മുഴുവൻ ഘട്ടങ്ങളെയും ഉൾക്കൊള്ളുന്ന നാല് മൊഡ്യൂളുകളാണുള്ളത്. ആദ്യ മൊഡ്യൂൾ കോഴ്സിനെ പരിചയപ്പെടുത്തുകയും നീതി, സുതാര്യത, സത്യസന്ധത എന്നിവ നിലനിർത്തുന്നതിൽ പരീക്ഷാ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വിശദീകരിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് പരീക്ഷക്ക് മുമ്പുള്ള തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിൽ കേന്ദ്രത്തിന്റെ തയാറെടുപ്പ്, സുരക്ഷാ ക്രമീകരണങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിക്കൽ എന്നിവ ഉൾപ്പെടുന്നു. മൂന്നാമത്തെ മൊഡ്യൂൾ പരീക്ഷാ ദിവസത്തെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ്, പരീക്ഷയുടെ തുടക്കത്തിൽ, പരീക്ഷക്കിടെ, അത് അവസാനിച്ചതിന് ശേഷം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോകും. പുനരവലോകനത്തിനുള്ള പ്രധാന നിർദ്ദേശങ്ങളും ഉത്തരവാദിത്തങ്ങളും സംഗ്രഹിക്കുന്ന പ്രത്യേക റഫറൻസ് ഗൈഡാണ് അവസാന മൊഡ്യൂൾ. പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റും നൽകും.

രാജ്യവ്യാപകമായി പരീക്ഷാ നടത്തിപ്പിന് ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് പ്രത്യേക പരിശീലന പദ്ധതി സഹായിക്കുമെന്ന് എൻ.ടി.എ വിശ്വസിക്കുന്നു. പ്രത്യേകിച്ച് നീറ്റ് യു.ജി ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളുടെ വിശ്വാസ്യതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യു.ജി 2026 പുനപരീക്ഷക്ക് മുന്നോടിയായാണ് ഈ നീക്കം. എൻ.ടി.എയുടെ പരീക്ഷാ സംവിധാനത്തെ കൂടുതൽ ശക്തവും വിശ്വസനീയവുമാക്കാനുള്ള പ്രധാന ചുവടുവെപ്പായാണ് പരീക്ഷ കർമ്മയോഗിയെ എൻ.ടി.എ വിലയിരുത്തുന്നത്.

Tags:    
News Summary - NTA launches new programme to train exam invigilators including NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.