പ്രതീകാത്മക ചിത്രം

പരീക്ഷക്ക് രണ്ട് മണിക്കൂർ മുമ്പ് ചോദ്യപേപ്പർ വാട്സ്ആപിൽ; ബി.എസ്‌സി അഗ്രികൾച്ചർ പരീക്ഷ റദ്ദാക്കി, 70 ശതമാനം ചോദ്യങ്ങളിൽ സാമ്യം

റായ്പൂർ: പരീക്ഷക്ക് മുമ്പുതന്നെ, വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചോദ്യപേപ്പർ പ്രചരിച്ചതിനെ തുടർന്ന് ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയം (ഐ.ജി.കെ.വി) ബി.എസ്‌സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ റദ്ദാക്കി. അഗ്രികൾച്ചറൽ എൻറമോളജി വിഷയത്തിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും തെലിബന്ധ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

റായ്പൂരിലെ ഐ.ജി.കെ.വി അഫിലിയേറ്റ് ചെയ്ത 30ലേറെ കോളജുകളിൽ വ്യാഴാഴ്ച രാവിലെ 10ന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷക്ക് തൊട്ടുമുമ്പ് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർഥികൾ ആശങ്ക ഉയർത്തുകയായിരുന്നു. പരീക്ഷക്ക് രണ്ടുമണിക്കൂർ മുമ്പുതന്നെ ചോദ്യപേപ്പർ വാട്സ്ആപ് ഗ്രൂപ്പുകളിൽ ലഭിച്ചതായി വിദ്യാർഥികൾ പറഞ്ഞു. യഥാർഥ ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളുമായി വാട്സ്ആപിൽ പ്രചരിച്ച ചോദ്യപേപ്പറിന് സാമ്യം ഉണ്ടെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഇതോടെയാണ് ​പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

സംഭവത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണ സമിതിക്ക് രൂപം നൽകുകയും ചെയ്തു. റദ്ദാക്കിയ പരീക്ഷ സെപ്റ്റംബർ ആദ്യവാരം നടത്താനാണ് സർവകലാശാലയുടെ തീരുമാനം. പുതുക്കിയ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിന്നീട് നൽകും.

ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിക്കുകയും സർവകലാശാലാ അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തു. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രതികരിച്ചു. സർവകലാശാല പരീക്ഷ റദ്ദാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Chhattisgarh University Cancels BSc Exam Over WhatsApp Paper Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.