പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിൽ വൈദ്യുത തടസ്സത്തെ തുടർന്ന് നീറ്റ് പി.ജി പരീക്ഷ തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാനായില്ല. ഇതേ വിദ്യാർഥികൾക്കായി സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തും.
ജയ്പൂരിലെ സിതാപുരയിലുള്ള ഐഒഎൻ ഡിജിറ്റൽ സോൺ കേന്ദ്രങ്ങളിലാണ് ഞായറാഴ്ച പരീക്ഷ തടസ്സപ്പെട്ടത്. തുടർന്ന് വിദ്യാര്‍ഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ അധികൃതര്‍ പരീക്ഷാ ബോര്‍ഡിലെ ഉന്നതരുമായി ബന്ധപ്പെട്ടു. പുനഃപരീക്ഷ നടത്താമെന്ന് സമ്മതിച്ചു. സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ടി.സി.എസിനും ഏജൻസിക്കുമെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷാ നടത്തിപ്പ് സമിതിയായ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
സിതാപുരയിലെ ടി.സി 41682, ടി.സി 41683 എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് ആഭ്യന്തര വൈദ്യുതി തകരാർ മൂലം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്നത്. വൈദ്യുതി തകരാർ കേന്ദ്രത്തിന്റെ പരീക്ഷാ സാങ്കേതിക സേവനദാതാവായ ടി.സി.എസുമായി ബന്ധപ്പെട്ടതാണെന്ന് പരീക്ഷാ ബോർഡ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച 12 വരെയായിരുന്നു നീറ്റ് പി.ജി പരീക്ഷ. രാജ്യത്തെ 1111 കേന്ദ്രങ്ങളിലായി 2.6 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് നീറ്റ് പി.ജി പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ തടസ്സപ്പെട്ടതിനെ തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്ന എല്ലാ വിദ്യാർഥികൾക്കും പുനഃപരീക്ഷ എഴുതേണ്ടിവരും. സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കാണ് പുനഃപരീക്ഷ നടത്തുക. ജയ്പൂരിൽ തന്നെയായിരിക്കും പരീക്ഷ. എന്നാൽ കൃത്യമായ പരീക്ഷാ കേന്ദ്രം പിന്നീട് അറിയിക്കും.
വിദ്യാർഥികൾക്കായി പുതിയ അഡ്മിറ്റ് കാർഡുകൾ പരീക്ഷാ ബോർഡ് പുറത്തിറക്കും. പുനഃപരീക്ഷാ കേന്ദ്രത്തിന്റെ വിശദാംശങ്ങളും പുതുക്കിയ അഡ്മിറ്റ് കാർഡും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പരീക്ഷാ ബോർഡ് വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗാർഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ പരീക്ഷാ ബോർഡ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.