ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്; പരീക്ഷാ കലണ്ടർ പുറത്തിറക്കി എൻ.ടി.എ
ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തിലെ ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ താൽക്കാലിക കലണ്ടർ പുറത്തിറക്കി ദേശീയ പരീക്ഷാ ഏജൻസി. 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്.
യു.ജി.സി നെറ്റ്, ജെ.ഇ.ഇ മെയിൻ, സി.യു.ഇ.ടി പി.ജി, സിമാറ്റ്, എൻ.ഐ.എഫ്.ടി ഉൾപ്പെടെ പ്രധാന പരീക്ഷകളുടെ ഷെഡ്യൂളാണ് ഇതിലൂടെ പുറത്തിറക്കിയത്. പരീക്ഷാ തീയതികൾ താൽക്കാലികമാണെന്നും സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തിയേക്കാമെന്നും എൻ.ടി.എ വ്യക്തമാക്കി.
യു.ജി.സി നെറ്റ്
2026 ഡിസംബർ സെഷനിലെ യു.ജി.സി നെറ്റ് പരീക്ഷ ഡിസംബർ 14 മുതൽ ആരംഭിക്കും. ഡിസംബർ 14 മുതൽ 19 വരെയാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 20, 21 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
അധ്യാപക നിയമനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, പി.എച്ച്.ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദേശീയതല യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ്. പരീക്ഷയുടെ വിഷയാടിസ്ഥാനത്തിലുള്ള തീയതികൾ പിന്നീട് എൻ.ടി.എ പ്രഖ്യാപിക്കും.
ജെ.ഇ.ഇ മെയിൻ
എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രധാന ദേശീയ പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2027 സെഷൻ വൺ ജനുവരി 22 മുതൽ 24 വരെയും ജനുവരി 28 മുതൽ 30 വരെയും നടത്താനാണ് താൽക്കാലിക തീരുമാനം.
എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ.
എൻ.ഐ.എഫ്.ടി, സൈനിക് സ്കൂൾ പ്രവേശന പരീക്ഷ
എൻ.ഐ.എഫ്.ടി പ്രവേശന പരീക്ഷ 2027 ജനുവരി 10ന് നടത്താനാണ് തീരുമാനം. ആൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ ജനുവരി 31ന് നടത്തും.
ശ്രേഷ്ഠ നെറ്റ്സ് പരീക്ഷയും ജനുവരി 10ന് നടക്കും. ആർമി കേഡറ്റ്സ് കോളജ് പരീക്ഷ ജനുവരി നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.
സിമാറ്റ് ഫെബ്രുവരിയിൽ
മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്) 2027 ഫെബ്രുവരി ഏഴിന് നടത്തും. എൻ.ഐ.ടി.ടി.ടി പാർട്ട് വൺ ഫെബ്രുവരി 26, 27 തീയതികളിലാണ്.
സി.യു.ഇ.ടി പി.ജി മാർച്ചിൽ
പി.ജി പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് 2027 മാർച്ചിലാണ് നടത്തുക. നിലവിലെ താൽക്കാലിക കലണ്ടർ പ്രകാരം മാർച്ച് 1-5, 8-12, 20-21, 24-25 തീയതികളിലായാണ് പരീക്ഷ നടത്താൻ തീരുമാനം. എൻ.ഐ.ടി.ടി.ടി പാർട്ട് ടു മാർച്ച് അഞ്ച് മുതൽ ഏഴ് വരെ തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ താൽക്കാലിക പരീക്ഷാ കലണ്ടറാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ പരീക്ഷയുടെയും അപേക്ഷ, യോഗ്യത, സിലബസ്, പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ് തുടങ്ങിയ വിശദാംശങ്ങൾ എൻ.ടി.എയുടെ പ്രത്യേക വിജ്ഞാപനങ്ങളിലൂടെയാകും പുറത്തുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.