കാറ്റ് 2026 രജിസ്ട്രേഷൻ നീട്ടി; പുതുക്കിയ തീയതി അറിയാം
ന്യൂഡൽഹി: ഐ.ഐ.എമ്മുകളിലെ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കാറ്റ് 2026ന്റെ രജിസ്ട്രേഷൻ തീയതി നീട്ടി. 2026 സെപ്റ്റംബർ 22 വരെ ഓൺലൈനായി കാറ്റ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇൻഡോറിനാണ് പരീക്ഷാ നടത്തിപ്പ് ചുമതല. നവംബർ 29ന് രാജ്യത്തെ 170ഓളം പരീക്ഷാകേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) രീതിയിൽ മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും.
രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലെയും വിവിധ ഐ.ഐ.എമ്മുകളിലെയും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് കാറ്റ്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് മൂന്നിനാണ് പരീക്ഷ രജിസ്ട്രേഷൻ പോർട്ടൽ തുറന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് യൂസർ ഐ.ഡിയും പാസ്‌വേഡും ജനറേറ്റ് ചെയ്ത ശേഷമാണ് വിദ്യാർഥികൾ അപേക്ഷ പൂരിപ്പിക്കേണ്ടത്.
അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് വിദ്യാർഥികൾക്ക് താൽപര്യമുള്ള അഞ്ച് നഗരങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. പരീക്ഷാ കേന്ദ്രം അനുവദിച്ചു കഴിഞ്ഞാൽ പിന്നീട് മാറ്റങ്ങൾ പരീക്ഷാ ബോർഡ് അനുവദിക്കില്ല. 120 മിനിറ്റാണ് പരീക്ഷ. ഓരോ വിഭാഗത്തിലെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ 40 മിനിറ്റ് വീതമാണ് ലഭിക്കുക. നിശ്ചിത സമയത്തിനുള്ളിൽ ഒരു വിഭാഗത്തിൽ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് മാറാൻ പരീക്ഷാർഥികൾക്ക് അനുവാദമുണ്ടായിരിക്കില്ലെന്നും പരീക്ഷാ നടത്തിപ്പ് സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.