സി.ഡി.എസ് 2 അഡ്മിറ്റ് കാർഡ് പുറത്തിറക്കി യു.പി.എസ്.സി; പരീക്ഷ 13ന്, വിവരങ്ങൾ പരിശോധിക്കാം
ന്യൂഡൽഹി: കംബൈൻഡ് ഡിഫൻസ് സർവിസസ് എക്സാമിനേഷൻ (സി.ഡി.എസ് II) 2026-ന്റെ അഡ്മിറ്റ് കാർഡുകൾ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) പുറത്തിറക്കി. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക യു.പി.എസ്.സി വെബ്സൈറ്റായ upsconline.nic.in വഴി മാത്രമേ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
സെപ്റ്റംബർ 13 ന് ഞായറാഴ്ചയാണ് ഇന്ത്യയൊട്ടാകെ പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. യു.പി.എസ്.സി ഉദ്യോഗാർഥികൾക്ക് തപാൽ വഴി അഡ്മിറ്റ് കാർഡുകൾ അയച്ചുനൽകില്ല.
സെപ്റ്റംബർ 13 ന് മൂന്ന് സെഷനുകളിലായാണ് സി.ഡി.എസ് II 2026 പരീക്ഷ നടക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ഇംഗ്ലീഷ് പേപ്പറും, ഉച്ചക്ക് 12:30 ന് ജനറൽ നോളജ് പേപ്പറും, ഉച്ചകഴിഞ്ഞ് 3:30 ന് എലമെന്ററി മാത്‍സ് പേപ്പറുമാണ് പരീക്ഷ.
ഫേസ് ഓതന്റിക്കേഷൻ, ഐഡന്റിറ്റി വെരിഫിക്കേഷൻ, ഫ്രസ്കിങ് എന്നിവക്കായി ഉദ്യോഗാർഥികൾ തങ്ങൾക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ 1.15 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണം. ഓരോ സെഷൻ ആരംഭിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് 30 മിനിറ്റ് മുമ്പ് പ്രവേശനം അവസാനിപ്പിക്കും.
അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ മാത്രമേ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ കഴിയൂ. പ്രിന്റ് ചെയ്ത അഡ്മിറ്റ് കാർഡും, അഡ്മിറ്റ് കാർഡിൽ നമ്പറും വിവരങ്ങളും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കൈവശം കരുതണം.
ഓരോ സെഷനുമായി ഓരോന്ന് വീതം മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ കൈയിൽ കരുതാൻ ഉദ്യോഗാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഒ.എം.ആർ (OMR) ഉത്തരക്കടലാസുകളും ഹാജർ പട്ടികയും പൂരിപ്പിക്കേണ്ടതിനാൽ കറുത്ത ബോൾപോയിന്റ് പേനയും കൈവശം വെക്കണം.
ഉദ്യോഗാർഥികൾ തങ്ങളുടെ അഡ്മിറ്റ് കാർഡിലെ പേര്, ഫോട്ടോ, ക്യു.ആർ കോഡ് എന്നിവ പരിശോധിക്കണം. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ യു.പി.എസ്.സിയെ അറിയിക്കേണ്ടതാണ്.
മൊബൈൽ ഫോണുകൾ, സ്മാർട്ട് അല്ലെങ്കിൽ ഡിജിറ്റൽ വാച്ചുകൾ, എ.ഐ (AI) അധിഷ്ഠിത കണ്ണടകൾ അല്ലെങ്കിൽ ഉപകരണങ്ങൾ, മറ്റു ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, പുസ്തകങ്ങൾ, ബാഗുകൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പരീക്ഷാ കേന്ദ്രത്തിന് ഉള്ളിലേക്ക് അനുവദിക്കില്ല. ഇത്തരം വസ്തുക്കൾ പുറത്ത് സൂക്ഷിക്കുന്നതിനായി ഉദ്യോഗാർഥികൾ സ്വന്തം നിലയിൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
സ്മാർട്ട് വാച്ചുകളും ആശയവിനിമയ ഫീച്ചറുകളുള്ള വാച്ചുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് അനധികൃത വസ്തുക്കളോ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാകും. ഉദ്യോഗാർത്ഥിത്വം റദ്ദാക്കുക, പൊലീസിൽ പരാതി നൽകുക, തുടർന്നുള്ള സെഷനുകളിലോ പരീക്ഷാ ദിവസങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുക തുടങ്ങിയ അച്ചടക്ക നടപടികളാണ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.