തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -നീറ്റ് യു.ജിക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ട് മുതൽ മാർച്ച് എട്ടിന് രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് പത്ത് മുതൽ 12 വരെ അപേക്ഷയിൽ തിരുത്തലിന് അവസരമുണ്ടാകും. മേയ് മൂന്നിനാണ് പരീക്ഷ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചക്കുശേഷം രണ്ട് മുതൽ അഞ്ച് വരെയായിരിക്കും.
https: / /neet.nta.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1,700 രൂപ, ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1,600 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷി, തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1,000 രൂപ. വിദേശത്തുള്ളവർക്ക് 9,500 രൂപ. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്ന് 45 വീതം ചോദ്യങ്ങളും ബയോളജിക്ക് (ബോട്ടണി, സുവോളജി) 90 ചോദ്യങ്ങളും ഉൾപ്പെടെ ആകെ 180 ചോദ്യങ്ങളാണ് ഉണ്ടാവുക.
ഓരോ ചോദ്യത്തിനും നാല് മാർക്ക് വീതം മൊത്തം 720ലായിരിക്കും മാർക്ക്. കേരളത്തിൽ പത്തനംതിട്ട, പയ്യന്നൂർ, വയനാട്, ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.
ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷ കേന്ദ്രമുണ്ടാകും. ഗൾഫിൽ കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.