സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം; പുനർമൂല്യനിർണയത്തിന് മേയ് 19 മുതൽ അപേക്ഷിക്കാം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) പ്ലസ്ടു പരീക്ഷാ ഫലത്തിൽ മൂല്യനിർണയത്തിൽ അതൃപ്തിയുള്ളവർക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. ഇതിലൂടെ വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ, മാർക്ക് പരിശോധന, പുനർമൂല്യനിർണയം എന്നിവക്ക് ഔ​ദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം.

വിദ്യാർഥികൾക്ക് അവരുടെ മാർക്കിൽ തൃപ്തിയില്ലെങ്കിൽ മൂല്യനിർണ്ണയം നടത്തിയ ഉത്തരപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിന് സുതാര്യമായ സംവിധാനം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ പരീക്ഷാ ഫലത്തിൽ സംശയമോ അതൃപ്തിയോയുള്ള വിദ്യാർഥികൾക്ക് ലഭിച്ച മാർക്കിൽ കൂട്ടൽ തെറ്റുകളോ മറ്റ് പിഴവുകളോ ഉണ്ടോ എന്ന് പരിശോധിക്കാൻ അപേക്ഷിക്കാം. മൂല്യനിർണ്ണയം നടത്തിയ സ്വന്തം ഉത്തരക്കടലാസുകൾ നേരിട്ട് കണ്ട് പരിശോധിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കും.

മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പിന് 2026 മെയ് 19 മുതൽ മെയ് 22 രാത്രി 11.59 മണി വരെ അപേക്ഷിക്കാം. മാർക്ക് പരിശോധന -2026 മെയ് 26 മുതൽ മെയ് 29 വരെ. പുനർമൂല്യനിർണ്ണയ അപേക്ഷ: 2026 മെയ് 26 മുതൽ മെയ് 29 വരെ. എല്ലാ അപേക്ഷകളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഓഫ്‌ലൈൻ അപേക്ഷകൾ പരിഗണിക്കില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

ഫീസ് ഘടന: സ്കാൻ ചെയ്ത ഉത്തരക്കടലാസ് - ഒരു വിഷയത്തിന് 700 രൂപ. മാർക്ക് വെരിഫിക്കേഷൻ -ഉത്തരക്കടലാസ് ഒന്നിന് 500 രൂപ. പുനർമൂല്യനിർണ്ണയം -ഒരു ചോദ്യത്തിന് 100 രൂപ. വിദ്യാർഥി ആവശ്യപ്പെടുന്ന പ്രത്യേക ചോദ്യങ്ങൾക്ക് മാത്രമേ പുനർമൂല്യനിർണ്ണയം നടത്തുകയുള്ളൂവെന്നും മുഴുവൻ പേപ്പറിനും പുനർമൂല്യനിർണ്ണയം നടത്തില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ‘CBSE Class 12 re-evaluation or result’ ഓപ്ഷൻ തെ​രഞ്ഞെടുക്കുക. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ.ഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ‘scanned copy of answer sheet’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. വിഷയം തെരഞ്ഞെടുത്ത് അപേക്ഷ ഫീസ് ഓൺലൈനായി അടക്കുക. സ്കാൻ ചെയ്ത പകർപ്പ് ഡാഷ്‌ബോർഡിൽ ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്യാം. ഉത്തരങ്ങൾ താരതമ്യം ചെയ്ത ശേഷം വേരിഫിക്കേഷനോ പുനർമൂല്യനിർ​ണയത്തിനോ അപേക്ഷിക്കാം. ചോദ്യങ്ങൾ ശരിയായ വിശദീകരണത്തോടെ വേണം സമർപ്പിക്കാൻ.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ ഉത്തരക്കടലാസുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് സി.ബി.എസ്.ഇ നിർദ്ദേശിച്ചു. വിദഗ്ധ അവലോകനത്തിന് ശേഷം മാത്രമേ അപേക്ഷകൾ ബോർഡ് പരിഗണിക്കൂ. പുനർമൂല്യനിർണയത്തിന് ശേഷമുള്ള തീരുമാനം അന്തിമമായിരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

Tags:    
News Summary - CBSE Class 12 result 2026 re evaluation details out apply from May 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.