മുമ്പ് ഒരു കമ്പനിയുടെ വിജയം അളന്നിരുന്നത് ലാഭം മാത്രം നോക്കിയായിരുന്നു. എന്നാലിന്ന് കമ്പനി എത്ര ലാഭമുണ്ടാക്കുന്നു എന്നതിനൊപ്പംതന്നെ, അവർ ഈ സമൂഹത്തിനും പരിസ്ഥിതിക്കും എത്രത്തോളം നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഈയൊരു വലിയ മാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്ന പ്രഫഷനലുകളാണ് സസ്റ്റൈനബിലിറ്റി മാനേജർമാർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐ.ഐ.എഫ്.എം), ഭോപാൽ ഈ രംഗത്തെ ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്ഥാപനം നൽകുന്ന കോഴ്സുകൾക്ക് മൂല്യം ഏറെയാണ്.
ലളിതമായി പറഞ്ഞാൽ, കമ്പനിയുടെ ‘ഡോക്ടർ’ ആണ് സസ്റ്റൈനബിലിറ്റി മാനേജർ. ചികിത്സിക്കുന്നത് കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മാത്രമല്ല, പാരിസ്ഥിതികവും സാമൂഹികവുമായ ആരോഗ്യമാണ്.
പ്രധാന ജോലികൾ ഇവയാണ്:
● കാർബൺ കാൽപാടുകൾ കുറക്കുക: ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ കാരണം എത്രത്തോളം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നു എന്ന് കണക്കുകൂട്ടുകയും അത് കുറക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുക.
● വേസ്റ്റ് മാനേജ്മെന്റ്: ഉൽപാദനത്തിൽനിന്നും ഓഫിസുകളിൽനിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ എങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കാം, പുനരുപയോഗിക്കാം എന്ന് പ്ലാൻ ചെയ്യുക. ‘സീറോ-വേസ്റ്റ്’ എന്ന ലക്ഷ്യത്തിലേക്ക് കമ്പനിയെ നയിക്കുക.
● സുസ്ഥിരമായ വിതരണ ശൃംഖല: അസംസ്കൃത വസ്തുക്കൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലാണോ ശേഖരിക്കുന്നത്, തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകുന്നുണ്ടോ, ബാലവേല പോലുള്ള കാര്യങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
● റിപ്പോർട്ടിങ്: കമ്പനിയുടെ സുസ്ഥിരതാ പ്രവർത്തനങ്ങളെക്കുറിച്ച് നിക്ഷേപകർക്കും പൊതുജനങ്ങൾക്കുമായി റിപ്പോർട്ടുകൾ തയാറാക്കുക.
● പുതിയ അവസരങ്ങൾ കണ്ടെത്തൽ: പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്ക് ഇന്ന് വിപണിയിൽ വലിയ ഡിമാൻഡാണ്. അത്തരം പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താൻ കമ്പനിയെ സഹായിക്കുക.
നാല് വ്യത്യസ്ത എം.ബി.എ പ്രോഗ്രാമുകൾ ഐ.ഐ.എഫ്.എം നൽകുന്നുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്.
1എം.ബി.എ ഇൻ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്: ഒരു ബിസിനസ് എങ്ങനെ സുസ്ഥിരമായി നടത്താം എന്നതിലാണ് ഈ കോഴ്സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2 എം.ബി.എ ഇൻ സസ്റ്റൈനബ്ൾ ഡെവലപ്മെന്റ്: ബിസിനസിനപ്പുറം, സർക്കാർ നയങ്ങൾ, ഗ്രാമീണ വികസനം, സാമൂഹിക പദ്ധതികൾ എന്നിവയിലൊക്കെ താൽപര്യമുള്ളവർക്ക് ഈ കോഴ്സ് തിരഞ്ഞെടുക്കാം.
3 എം.ബി.എ ഇൻ ഡെവലപ്മെന്റ് ആൻഡ് സസ്റ്റൈനബ്ൾ ഫിനാൻസ്: പണത്തിന്റെ ഒഴുക്ക് എങ്ങനെ സുസ്ഥിരമായ മാറ്റങ്ങൾക്ക് കാരണമാക്കാം എന്നതാണ് ഇവിടത്തെ വിഷയം. ഗ്രീൻ ബോണ്ടുകൾ, ഇംപാക്ട് ഇൻവെസ്റ്റിങ്, മൈക്രോഫിനാൻസ് തുടങ്ങിയ സാമ്പത്തിക മേഖലയിൽ താൽപര്യമുള്ളവർക്ക് ഇത് മികച്ച അവസരമാണ്.
4 എം.ബി.എ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്: വനവിഭവങ്ങളെ എങ്ങനെ ശാസ്ത്രീയമായും സുസ്ഥിരമായും കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്ന, ഐ.ഐ.എഫ്.എമ്മിന്റെ ക്ലാസിക് കോഴ്സാണിത്.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ (എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർക്ക് 45 ശതമാനം മതി) അംഗീകൃത ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
● പ്രത്യേക പ്രവേശന പരീക്ഷയില്ല
സെലക്ഷൻ: ഐ.ഐ.എം കാറ്റ് 2025/എക്സാറ്റ് 2026/ മാറ്റ് 2025, 2026 ഫെബ്രുവരി/സിമാറ്റ് 2025, 2026 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ചെന്നൈ, ബംഗളൂരു, ഡൽഹി, അഹ്മദാബാദ്, ഭോപാൽ, ഗുവാഹതി, കൊൽക്കത്ത കേന്ദ്രങ്ങളിൽ വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
കോഴ്സ് ഫീസ്: ജനറൽ/ ഒ.ബി.സി നോൺ ക്രീമിലെയർ/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ആദ്യവർഷം 7,08,000 രൂപ, രണ്ടാം വർഷം 4,72,000 രൂപ എസ്.സി/എസ്.ടി വിഭാഗത്തിന് 4,24,800 രൂപ, രണ്ടാം വർഷം 2,83,200 രൂപ.
വൻകിട കമ്പനികളിലും കൺസൽട്ടിങ് സ്ഥാപനങ്ങളിലും ബാങ്കിങ്, ഫിനാൻസ് മേഖലകളിലും ഐക്യരാഷ്ട്രസഭ, ലോക ബാങ്ക്, ഗ്രീൻപീസ് പോലുള്ള അന്താരാഷ്ട്ര എൻ.ജി.ഒകളിലും സർക്കാറിന്റെ നയരൂപവത്കരണ സമിതികളിലും ഏറെ െതാഴിൽ സാധ്യതയുണ്ട്.
ശമ്പളത്തിനപ്പുറം, ചെയ്യുന്ന ജോലിയിൽ ആത്മസംതൃപ്തി കൂടി ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഈ കോഴ്സുകളും കരിയറും പരിഗണിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.