പരീക്ഷാ സമ്മർദം അകറ്റാൻ വീ ഹെൽപ് പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വീ ഹെൽപ് പദ്ധതി ഫെബ്രുവരി 16ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വിദ്യാർഥികളുടെ പരീക്ഷാ സമ്മർദം ലഘൂകരിക്കുന്നതിനായി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. പരീക്ഷ അവസാനിക്കുന്നതുവരെയാണ് സേവനം ലഭ്യമാവുക. 18004252844 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

2026-2027 അധ‍്യായനവർഷത്തിലേക്ക് 79 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടിച്ചുവെന്ന് മന്ത്രി അറിയിച്ചു. ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ ഫെബ്രുവരി രണ്ടാം വാരം മുതൽ നൽകിത്തുടങ്ങും. ഈ വർഷത്തെ പാഠപുസ്തക വിതരണത്തിന്‍റെയും കൈത്തറി യൂണിഫോം പദ്ധതിയുടെയും ഉദ്ഘാടനം 13ന് പട്ടം സെന്‍റ്മേരീസ് സ്കൂളിൽ മുഖ‍്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്.

പരിഷകരിച്ച പ്ലസ് വൺ പാഠപുസ്തകങ്ങൾ അടുത്ത അധ്യായനവർഷത്തിൽ നൽകിത്തുടങ്ങും. ഇതിന്‍റെ പ്രകാശനം വൈകാതെ മുഖ‍്യമന്ത്രി നിർവ്വഹിക്കും. സ്കൂൾബാഗുകളുടെ ഭാരം കുറക്കുന്നതിനായുള്ള സർവെ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയതായി മന്ത്രി അറിയിച്ചു. കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷന്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Education Department introduced We Help project to relieve exam stress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT