നീറ്റ് പിജി 2026; മാർക്കിൽ ​പൊരുത്തക്കേടുകളെന്ന് ഉദ്യോഗാർഥികളുടെ പരാതി, ആരോഗ്യമന്ത്രിക്ക് കത്തെഴുതി

ന്യൂഡൽഹി: നീറ്റ് പി.ജി 2026 ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മാർക്കിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന് ഉദ്യോഗാർഥികളുടെ പരാതികൾ. പ്രതീക്ഷിച്ച മാർക്കും ഫലത്തിൽ ലഭിച്ച മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

ആരോപണം ഉയർന്നതിന് പിന്നാലെ പരീക്ഷയുടെ ചോദ്യപേപ്പർ, ഔദ്യോഗിക ഉത്തരസൂചിക, ഓരോ ഉദ്യോഗാർഥിയുടെയും രേഖപ്പെടുത്തിയ ഉത്തരങ്ങൾ എന്നിവ പുറത്തുവിടണമെന്ന് ആൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു.

ആഗസ്റ്റ് 30ന് രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ 2,63,544 പേരാണ് പരീക്ഷ എഴുതിയത്. ജയ്പൂരിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലുണ്ടായ വൈദ്യുതി തടസത്തെ തുടർന്ന് 2416 പേർക്കായി സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തിയിരുന്നു. സെപ്റ്റംബർ 24നാണ് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി 2026 ഫലം പ്രഖ്യാപിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികൾ ഏകദേശം 100 മാർക്കിന്റെ വരെ വ്യത്യാസം ഉണ്ടെന്ന് ആരോപിച്ചു. പ്രതീക്ഷിച്ച മാർക്കും ലഭിച്ച സ്കോറും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഉ​ദ്യോഗാർഥികൾ അവകാശപ്പെട്ടു.

പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വ്യക്തിഗത റെസ്പോൺസ് ഷീറ്റും ലഭ്യമാക്കിയാൽ ഉദ്യോഗാർഥികൾക്ക് സ്വന്തം ഉത്തരങ്ങൾ പരിശോധിച്ച് യഥാർഥ മാർക്ക് വ്യത്യാസമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്ന് സംഘടന വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ജെ.പി. നദ്ദക്ക് എ.ഐ.എം.എസ്.എ കത്തയക്കുകയും ചെയ്തു. പരീക്ഷയുടെ മൂല്യനിർണയ നടപടിയിൽ കൂടുതൽ സുതാര്യത വേണമെന്നാണ് സംഘടയു​ടെ ആവശ്യം. നേരത്തേ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക്, മധ്യപ്രദേശ് ഘടകം സമാന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

എം.ഡി, എം.എസ്, ഡി.എൻ.ബി തുടങ്ങിയ കോഴ്സുകൾ, പി.ജി മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയിലെ പ്രവേശനത്തിനാണ് നീറ്റ് പി.ജി സ്കോർ ഉപയോഗിക്കുന്നത്.

Tags:    
News Summary - NEET PG 2026 Scores Face Discrepancy Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.