എൻ.എം.എം.എസ്.എസ് സ്കോളർഷിപ്പ്; അപേക്ഷ ഒക്ടോബർ 31 വരെ നീട്ടി, വർഷം 12,000 രൂപ
ന്യൂഡൽഹി: 2026 -27 വർഷത്തിലെ കേന്ദ്രസർക്കാരിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (എൻ.എം.എം.എസ്.എസ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഒക്ടോബർ 31 വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
scholarships.gov.in എന്ന വെബ്സൈറ്റിലെ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷ പൂർത്തിയാക്കാനും അപേക്ഷകളുടെ പരിശോധന സമയബന്ധിതമായി നടത്താനും വേണ്ടിയാണ് സമയപരിധി നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പ്രതിവർഷം 12,000 രൂപ
എൻ.എം.എം.എസ്.എസ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 12,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
എട്ടാം ക്ലാസിന് ശേഷം സാമ്പത്തിക കാരണങ്ങളാൽ പഠനം ഉപേക്ഷിക്കുന്നത് കുറക്കാനും വിദ്യാർഥികളെ പന്ത്രണ്ടാം ക്ലാസ് വരെ പഠനം തുടരാൻ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ വർഷവും ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്കായി ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകളാണ് നൽകുന്നത്. തുടർന്ന് 10, 11, 12 ക്ലാസുകളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് സ്കോളർഷിപ്പ് പുതുക്കി ലഭിക്കും.
സംസ്ഥാന സർക്കാർ, സർക്കാർ എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സ്കോളർഷിപ് പരീക്ഷ എഴുതുന്നതിന് ഏഴാം ക്ലാസിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
സെപ്റ്റംബർ 30 വരെ എൻ.എസ്.പിയിൽ 88,522 പുതിയ അപേക്ഷകളും 1,97,133 പുതുക്കാനുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ട്. എൻ.എം.എം.എസ്.എസ് അപേക്ഷകർ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് സ്കോളർഷിപ്പ് അപേക്ഷ നൽകേണ്ടതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.