കേന്ദ്ര വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള സുപ്രധാന നയങ്ങൾ മികച്ചതാണെന്ന് പ്രകീർത്തിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം. കൂടിയാലോചനകൾ നടത്തിയും വിദഗ്ധോപദേശങ്ങൾ പരിഗണിച്ചും പൊതുജന പങ്കാളിത്തം ഉറപ്പാക്കിയും ആവിഷ്കരിച്ച നയങ്ങൾ സദ്ഭരണത്തിന്റെ രാമരാജ്യ മാതൃകയാണെന്നാണ് ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിവരിക്കുന്നത്.
‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട് 2’ എന്ന ശീർഷകത്തിലുള്ള പുസ്തകം ചൊവ്വാഴ്ചയാണ് വിപണിയിലെത്തിയത്. ഭരണനിർവഹണവും പൊതുനയവും സംബന്ധിച്ച അധ്യായത്തിലാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യ മാതൃകയിലുള്ള ഭരണനിർവഹണ പരിണാമത്തെ പുകഴ്ത്തുന്നത്. “ജനങ്ങളുടെ സന്തോഷമാണ് ഭരണാധികാരിയുടെ സന്തോഷമെന്നും ജനതാൽപര്യമാണ് ഭരണാധികാരിയുടെ താൽപര്യം” എന്നുമുള്ള സംസ്കൃതത്തിലെ ചൊല്ല് അധ്യായത്തിൽ ഉദ്ധരിക്കുന്നുമുണ്ട്.
പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കാനുള്ള പ്രക്രിയക്ക് 2015ൽ തുടക്കം കുറിച്ചെന്നും കെ.കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ വിദഗ്ധ സമിതി 2017ൽ രൂപവത്കരിക്കുകയും അതിൽ വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയെന്നും അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ വിവിധ തലങ്ങളുമായുള്ള കൂടിയാലോചന നടത്തുകയും ലക്ഷക്കണക്കിന് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പൗരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ ഏകോപിപ്പിച്ചാണ് അന്തിമ നയം ആവിഷ്കരിച്ചത്. നയത്തിന്റെ നടത്തിപ്പിൽ കേന്ദ്രവുമായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ച എതിർപ്പുകളെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്.
കോളനിവാഴ്ചക്ക് മുമ്പുള്ള കാലഘട്ടത്തിലെ വിജ്ഞാനവും പാരമ്പര്യങ്ങളും വിവിധ ഗ്രന്ഥങ്ങളിലൂടെയും ആചാരങ്ങളിലൂടെയും ഇന്ത്യ നിലനിർത്തിപ്പോന്നുവെന്നും, രാജ്യത്തിന്റെ തനതായ മൂല്യങ്ങളും ആദർശങ്ങളും അടിസ്ഥാനമാക്കിയാണ് ഭരണഘടന തയാറാക്കിയതെന്നും പുസ്തകം വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.