ചെറുവത്തൂർ: പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ആധാറിന്റെ ഭാഗമായുള്ള യു.ഐ.ഡി നമ്പർ കിട്ടാത്തത് കുട്ടികളുടെ എണ്ണത്തെ ബാധിച്ചേക്കും. പ്രവേശന സമയത്ത് യു.ഐ.ഡി നമ്പറുണ്ടെങ്കിൽ മാത്രമേ ആ കുട്ടിയെ ഈ അധ്യയനവർഷത്തെ എണ്ണത്തിൽ കൂട്ടുകയുള്ളൂ.
ആധാറെടുക്കുമ്പോൾ ലഭിക്കുന്നത് ഇ.ഐഡി നമ്പർ മാത്രമാണ്. യു.ഐഡി കിട്ടാൻ 90 ദിവസം വരെ കാത്തിരിക്കണം. മാർച്ചിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്കുപോലും ഇപ്പോൾ യു.ഐഡി നമ്പർ കിട്ടാത്ത സ്ഥിതിയാണുള്ളത്. തത്ത്വത്തിൽ ആറാം പ്രവൃത്തിദിനമായ ചൊവ്വാഴ്ചക്കുള്ളിൽ യു.ഐഡി നമ്പർ കിട്ടാത്തവരെല്ലാം ഈ വർഷത്തെ സ്കൂൾ കണക്കിൽനിന്ന് ഒഴിവാക്കപ്പെടും. നൂറുകണക്കിന് വിദ്യാർഥികളാണ് ആധാർ നമ്പർ കാത്തിരിക്കുന്നത്.
മുൻ വർഷങ്ങളിൽ ഇ.ഐഡി നമ്പർ ഉള്ള കുട്ടികളെ സ്കൂൾ കണക്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ യു.ഐഡി നമ്പറുള്ള കുട്ടികളെ മാത്രമേ എണ്ണത്തിൽ പരിഗണിക്കുകയുള്ളുവെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുള്ളത്.
ഇത് പൊതുവിദ്യാലയങ്ങളിൽ വൻതോതിൽ തസ്തിക നഷ്ടപ്പെടുന്നതിന് കാരണമായേക്കും. ഇ.ഐഡി നമ്പർ എണ്ണത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം അധ്യാപക സംഘടനകളും വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.
ഇ.ഐഡി നമ്പർ മാത്രം വെച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാണിച്ച് തസ്തികകൾ നിലനിർത്തുന്ന ചില കേസുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യു.ഐഡി നമ്പർ വേണമെന്ന കർശനനിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.