‘നീറ്റാ’യി അപേക്ഷിക്കാം, ഒരുങ്ങാം; നീറ്റ്-യു.ജി മേയ് മൂന്നിന്

മെഡിക്കൽ, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്- യു.ജി 2026) മേയ് മൂന്ന് ഞായറാഴ്ച രണ്ടുമണി മുതൽ അഞ്ചുവരെ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രളുണ്ട്. ഇന്ത്യക്ക് പുറത്ത് കുവൈത്ത്, ദുബൈ, അബൂദബി, ദോഹ, മസ്കത്ത്, റിയാദ്, ഷാർജ, കൊളംബോ, സിംഗപ്പൂർ, ക്വലാലംപൂർ, മനാമ, കാഠ്മണ്ഡു, ലാഗോസ് എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്.

നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ ചുമതല. വിജ്ഞാപനവും വിവരണ പത്രികയും https://nta.ac.in/, https://neet.nta.nic.in എന്നീ സൈറ്റുകളിലുണ്ട്. സൗകര്യപ്രദമായ മൂന്ന് നഗരങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കാവുന്നതാണ്.

പരീക്ഷ

പരീക്ഷ ഘടന ഇങ്ങനെയാണ്- ഫിസിക്സ്- 45 ചോദ്യങ്ങൾ 180 മാർക്ക്, കെമിസ്ട്രി -45/180, ബയോളജി (ബോട്ടണി & സുവോളജി) -90/360. ആകെ 180 ചോദ്യങ്ങൾ, മാർക്ക് 720. മൾട്ടിപ്ൾ ചോയ്സ് മാതൃകയിലാണ് ചോദ്യങ്ങൾ. നാല് ഓപ്ഷനുകളുണ്ടാവും. ശരിയുത്തരം കണ്ടെത്തണം. ശരി ഉത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് കുറക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങൾ വിട്ടുകളഞ്ഞാൽ മാർക്ക് കുറക്കില്ല. ചോദ്യങ്ങളെല്ലാം നിർബന്ധമാണ്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, ഉറുദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ഏതെങ്കിലുമൊരെണ്ണം തെരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ ചോദ്യപേപ്പറുകളായിരിക്കും കേരളത്തിലും ലക്ഷദ്വീപിലും ലഭ്യമാവുക. പരീക്ഷാ ഘടനയും സിലബസും മൂല്യനിർണയ-റാങ്കിങ് രീതികളും വിവരണ പത്രികയിലുണ്ട്. നീറ്റ്-യു.ജിയിൽ യോഗ്യതനേടുന്നതിന് ജനറൽ വിഭാഗക്കാർ 50 പെർസൈന്റലിൽ കുറയാതെ കരസ്ഥമാക്കണം.

പരീക്ഷാ ഫീസ്

ജനറൽ വിഭാഗത്തിന് -1700 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺക്രീമിലെയർ 1600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/തേർഡ് ജൻഡർ-1000 രൂപ. ഇന്ത്യക്ക് പുറത്ത് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9500 രൂപ.

അപേക്ഷ

ഒാൺലൈനിൽ അപേക്ഷ മാർച്ച് എട്ട് രാത്രി 9 മണിവരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കും. തെറ്റുള്ളപക്ഷം തിരുത്തുന്നതിന് മാർച്ച് 10-12 വരെ സൗകര്യമുണ്ടാവും. അപേക്ഷയിൽ വ്യക്തിഗത വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തണം. പാസ്വേഡും സെക്യൂരിറ്റി ചോദ്യവും ഉത്തരവും സൃഷ്ടിച്ചുവേണം അപേക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ സമർപ്പിച്ചുകഴിയുമ്പോൾ അപേക്ഷ നമ്പർ ജനറേറ്റ് ചെയ്യും. ഇത് ഉപയോഗിച്ച് അപേക്ഷ പൂർത്തീകരിക്കാം. തുടർന്നുള്ള കത്തിടപാടുകൾക്കും മറ്റും അപേക്ഷാനമ്പർ ആവശ്യമാണ്. പാസ്വേഡ് മറ്റാർക്കും കൈമാറരുത്.

യുക്തമെന്ന് തോന്നുന്ന സാഹചര്യത്തിൽ പാസ്വേഡിൽ മാറ്റംവരുത്താം. അപേക്ഷാസമർപ്പണം പൂർത്തിയാവുമ്പോൾ ‘ലോഗ് ഔട്ട്’ ചെയ്യാൻ മറക്കരുത്. അപേക്ഷാ സമർപ്പണവേളയിൽ ലൈവ് ഫോട്ടോഗ്രാഫും (2026 ജനുവരി ഒന്നിന് ശേഷമുള്ളത്) ഒപ്പും ഇടത്, വലത് കൈവിരൽ അടയാളം, ജനന തീയതി, ഭിന്നശേഷി മുതലായവ തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യണം.

ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ഭാരതീയർക്കും വിദേശ വിദ്യാർഥികൾക്കും മറ്റും അപേക്ഷിക്കാം.

അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് റഫറൻസിനായി കൈവശം കരുതണം. വിദേശങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്സുകളിൽ പ്രവേശനമാഗ്രഹിക്കുന്നവരും ‘നീറ്റ്-യു.ജി’യിൽ യോഗ്യത നേടേണ്ടതുണ്ട്.

പ്രവേശനം

‘നീറ്റ് യു.ജി-2026’ അഖിലേന്ത്യ റാങ്ക് അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്. ബി.എസ്.എം.എസ്, ഡി.എച്ച്.എം.എസ്, ബി.എസ് സി നഴ്സിങ് കോഴ്സുകളിലാണ് പ്രവേശനം. 15 ശതമാനം അഖിലേന്ത്യ ക്വാട്ട, കേന്ദ്ര വാഴ്സിറ്റികൾ/സ്ഥാപനങ്ങൾ, കൽപിത സർവകലാശാല എന്നിവിടങ്ങളിലെ സീറ്റുകൾ, ഡെന്റൽ പൂൾ ക്വാട്ട, എയിംസുകൾ, ജിപ്മെർ എന്നിവിടങ്ങളിലെ സീറ്റുകൾ, സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലെ സീറ്റുകൾ, വിവിധ സംസ്ഥാന ക്വാട്ട സീറ്റുകൾ അടക്കം മിക്കവാറുമെല്ലാ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് നീറ്റ്-യു.ജി സ്കോർ/റാങ്ക് തന്നെയാണ് പ്രവേശന മാനദണ്ഡം. സായുധ സേവന മെഡിക്കൽ കോളജ് (എ.എഫ്.എം.സി) പ്രവേശത്തിനായുള്ള രജിസ്ട്രേഷനും നീറ്റ്-യു.ജി യോഗ്യത വേണം.

വെറ്ററിനറി കോളജുകളിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച്. കോഴ്സിൽ 15 ശതമാനം ‘വി.സി.ഐ’ ക്വാട്ട സീറ്റുകളിലും ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് ഹോസ്പിറ്റലുകളിൽ ഈവർഷം നടത്തുന്ന ബി.എസ്.സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനും നീറ്റ്-യു.ജി 2026 സ്കോർ തന്നെയാണ് മാനദണ്ഡം.

എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിൽ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയും (എം.സി.സി) ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്. ബി.എസ്.എം.എസ് അടക്കമുള്ള ആയുഷ് ബിരുദ കോഴ്സുകളിൽ ഓൾ ഇന്ത്യ ആയുഷ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയും (എ.എ.സി.സി.സി) നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രേവശനം.

സ്റ്റേറ്റ് ക്വാട്ട സീറ്റുകളിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നീറ്റ് യു.ജി 2026 യോഗ്യത നേടുന്നവരിൽനിന്നും യഥാസമയം അവരുടെ സ്കോർ/റാങ്ക് സ്വീകരിച്ച് തയാറാക്കുന്ന മെരിറ്റ് ലിസ്റ്റ് പ്രകാരം കൗൺസലിങ് നടത്തിയാണ് പ്രവേശനം.

നീറ്റ്-യുജി 2016’ ഫലപ്രഖ്യാപനത്തിനുശേഷം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും എയിംസുകൾ, ജിപ്മെർ കേന്ദ്ര സർവകലാശാലാ (ഡൽഹി വാഴ്സിറ്റിയുടെ കീഴിലെ മെഡിക്കൽ കോളജുകൾ, കേന്ദ്ര മെഡിക്കൽ, ഡെന്റൽ കോളജുകൾ, ഗുരുഗോവിന്ദ്, സിംഗ് ഇന്ദ്രപ്രസ്ഥ യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി മെഡിക്കൽ കോളജ്, അലിഗർ മുസ്‍ലിം യൂനിവേഴ്സിറി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി മെഡിക്കൽകോളജ്, അലിഗർ മുസ്‍ലിം യൂനിവേഴ്സിറ്റി മെഡിക്കൽ കോളജ്), ഇ.എസ്.ഐ മെഡിക്കൽ കോളജുകൾ, പിജിമെർ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ സീറ്റുകളിലേക്ക് പ്രവേശനത്തിന് എയിംസിൽ) കൗൺസലിങ്ങിൽ പങ്കെടുക്കണം. (കൂടുതൽ വിവരങ്ങൾ https://mcc.nic.inൽ യഥാസമയം ലഭ്യമാകും.

എ.എഫ്.എം.സി പുണെയിലെ പ്രവേശനത്തിനുളള പ്രത്യേക നടപടിക്രമം www.afnadgld.gov.inൽ ലഭ്യമാകും.

‘ബി.എച്ച്.യു’വിലെ എം.ബി.ബി.എസ്/ബി.ഡി.എസ്, എയിംസുകളിലെ എം.ബി.ബി.എസ് ജിപ്മെർ എം.ബി.ബി.എസ്, അലിഗർ മുസ്‍ലിം വാഴ്സിറ്റിയിലെ എം.ബി.ബി.എസ്, കൽപിത സർവകലാശാലയിലെ എം.ബി.ബി.എസ് മുഴുവൻ സീറ്റുകളിലേക്കും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ വഴിയാണ് പ്രവേശനം/അലോട്ട്മെന്റ്. ഇ.എസ്.ഐ.സി ഇൻഷ്വേർട് പേഴ്സനൽ ക്വാട്ടയിൽ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലും ജാമിയ ദന്തിസ്ട്രി ഫാക്കൽറ്റിയുടെ ഓപൺ ഇന്റേണൽ ബി.ഡി.എസ് സീറ്റുകളിലും അലോട്ട്മെന്റ് എം.സി.സി കൗൺസലിങ് വഴിയാണ്.

വിദ്യാഭ്യാസ യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് ഉൾപ്പടെയുള്ള വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/ പരീക്ഷ പാസായവർക്കും പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നീറ്റ് യു.ജി പരീക്ഷയെഴുതാം. ഇതേ വിഷയങ്ങളോടെ പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി), ബയോ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും രണ്ടുവിഷയങ്ങൾ പഠിച്ച ബി.എസ് സി ബിരുദമെടുത്തവരെയും പരിഗണിക്കും. 2026 ഡിസംബർ 31ന് അല്ലെങ്കിൽ അതിനുമുമ്പ് പ്രായം 17 തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.നീറ്റ്-റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം.

സംവരണം

15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളിലും അടൽ ബിഹാരി വാജ്പേയ് ഓഫ് മെഡിക്കൽ സയൻസ് ആന്റ് റാംമനോഹർ ലോഹിയ, വർദ്ധമാന മഹാവീർ മെഡിക്കൽ കോളജ്,സഫ്ദർജംഗ് ഹോസ്പിറ്റൽ, ഇ.എസ്.ഐ.സി അടക്കമുള്ള കേന്ദ്ര സ്ഥാപനങ്ങൾ, ഡൽഹി, അലീഗഢ് മുസ്‍ലിം, ബി.എച്ച്.യു മുതലായ കേന്ദ്ര സർവകലാശാലകൾ, എയിംസുകൾ, ജിപ്മെർ എന്നിവിടങ്ങളിൽ കേന്ദ്ര ചട്ടപ്രകാരമുള്ള സംവരണം- പട്ടികജാതി- 15ശതമാനം, പട്ടികവർഗം- 7.5 ശതമാനം, ഭിന്നശേഷിക്കാർ 5 ശതമാനം, ഒ.ബി.സി/നോൺ ക്രീമിലെയർ- 27 ശതമാനം, ഇ.ഡബ്ല്യൂ.എസ് 10 ശതമാനം. 

കൽപിത സർവകലാശാലകളിൽ- എൻ.ആർ.ഐ ക്വാട്ട, മെയിൻ, മുസ്‍ലിം മൈനോറിട്ടി വിഭാഗങ്ങളിലാണ് സംവരണം. നീറ്റ് യു.ജിയിൽയോഗ്യത നേടുന്നതിന് ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർ 50 പെർസെൈന്റലിൽ കുറയാതെയും പട്ടികജാതി/വർഗം, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർ 40 പെർസെൈന്റലിൽ കുറയാതെയും മാർക്ക് കരസ്ഥമാക്കണം. ഭിന്നശേഷിക്കാർക്ക് 45 പേർ പെർസെൈന്റലിൽ കുറയാതെ മാർക്കുണ്ടാകണം. ‘നീറ്റ്’ അഖിലേന്ത്യ പൊതു മെറിറ്റ് ലിസ്റ്റിൽ കരസ്ഥമാക്കിയ ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പെർസെൈന്റൽ നിശ്ചയിക്കുന്നത്.

ബി.യു.എം.എസ് പ്രവേശനത്തിനു ഉർദു/അറബിക്/പേർഷ്യൻ ഭാഷകളിലൊന്ന് പഠിച്ച് പത്താം ക്ലാസ് പാസാകണം. അല്ലെങ്കിൽ പത്താം ക്ലാസ് ഉറുദു ടെസ്റ്റിൽ യോഗ്യത നേടിയവരാകണം. ബി.എസ്.എം.എസ് പ്രവേശനത്തിന് പത്ത്,12 ക്ലാസ് പരീക്ഷയിൽ തമിഴ് ഒരുവിഷയമായി പാസാകണം.

‘നീറ്റ്’ യു.ജി വഴി എയിംസിലും ജിപ്മെറിലും പ്രവേശനം

വളരെ കുറഞ്ഞ ചെലവിൽ മികച്ച മെഡിക്കൽ വിദ്യാഭ്യാസം നേടാൻ എയിംസിലും ജിപ്മെറിലും അവസരം ലഭിക്കും. പുണെ എ.എഫ്.എം.സിയിൽ വൈദ്യപഠനം സൗജന്യമായിരിക്കും. മാത്രമല്ല, പഠിച്ചിറങ്ങിയാൽ സായുധസേനാ മെഡിക്കൽ സർവിസിൽ മെഡിക്കൽ ഓഫിസറായി ജോലിയിൽ പ്രവേശിക്കാം. നീറ്റ് യു.ജി 2026ൽ ഉയർന്ന റാങ്ക് നേടുന്നവർക്കാണ് ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താനാവുക.

എയിംസ് ന്യൂഡൽഹിയിൽ എം.ബി.ബി.എസിന് സീറ്റുകൾ- 125. നിലവിലെ വാർഷിക ട്യൂഷൻ ഫീസ് 1,350 രൂപയാണ്. പ്രവേശനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയർസെക്കൻഡറി/പ്ലസ്ടു പരീക്ഷ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പട്ടിക വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. ഭിന്നശേഷിക്കാർക്ക് 45 ശതമാനം മതിയാകും.

ജിപ്മെർ പുതുച്ചേരിയിൽ എം.ബി.ബി.എസിന് 182 സീറ്റുകളും (ഓപൺ 134, പുതുച്ചേരിക്കാർക്ക് 48), കാരയ്ക്കലിൽ 61 സീറ്റുകളും (ഓപൺ 45, പുതുച്ചേരിക്കാർക്ക്-16) ഉണ്ട്. നിലവിൽ വാർഷിക ട്യൂഷൻ ഫീസ്- 1,200 രൂപ. ട്യൂഷൻ ഫീസിൽ ചെറിയ വ്യത്യാസങ്ങൾ വന്നുകൂടെന്നില്ല.

സർക്കാർ മെഡിക്കൽ കോളജുകളിലും താരതമ്യേന ഫീസ് കുറവായിരിക്കും. അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നവർക്ക് മിതമായ ഫീസ് നിരക്കിൽ പഠനം പൂർത്തിയാക്കാനാകും.

Tags:    
News Summary - NEET-UG registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.