നെറ്റോ പിഎച്ച്.ഡിയോ വേണ്ട; 'പ്രഫസർ ഓഫ് പ്രാക്ടീസ്' നിയമനത്തിന് യു.ജി.സി മാർഗരേഖ

ന്യൂഡൽഹി: സർവകലാശാലകളിലും കോളജുകളിലും 'പ്രഫസർ ഓഫ് പ്രാക്ടീസ്' എന്ന പേരിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനത്തിന് യു.ജി.സി മാർഗരേഖയായി. വിവിധ മേഖലകളിലെ വിദഗ്ധരെയാണ് ഈ തസ്തികയിൽ നിയമിക്കേണ്ടത്. ഇവർക്ക് സാധാരണ കോളജ്, സർവകലാശാല അധ്യാപകർക്ക് ആവശ്യമായ നെറ്റ്, പിഎച്ച്.ഡി യോഗ്യതകളോ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുള്ള പരിചയമോ ആവശ്യമില്ല. അതേസമയം, സാധാരണ അധ്യാപക നിയമനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാകണം 'പ്രഫസർ ഓഫ് പ്രാക്ടീസ്' നിയമനമെന്നും യു.ജി.സി നിർദേശിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം 2020ന്‍റെ ഭാഗമായി വിഭാവനം ചെയ്തതാണ് പുതിയ തസ്തിക.

എൻജിനിയറിങ്, ശാസ്ത്രം, മാധ്യമപ്രവർത്തനം, സാഹിത്യം, സംരംഭകത്വം, സാമൂഹികശാസ്ത്രം, കല, സിവിൽ സർവിസസ്, സായുധസേന തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഒരു സ്ഥാപനത്തിലെ ആകെ അധ്യാപക തസ്തികകളുടെ 10 ശതമാനം വരെ 'പ്രഫസർ ഓഫ് പ്രാക്ടീസ്' നിയമനം നടത്താം. അതേസമയം, സാധാരണ അധ്യാപക നിയമനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പരമാവധി നാല് വർഷമാണ് തസ്തിക‍യിൽ തുടരാനാകുക.

തങ്ങളുടെ മേഖലയിൽ 15 വർഷമെങ്കിലും പ്രവർത്തിക്കുന്ന വിദഗ്ധരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. നിലവിൽ സർവിസിലുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകരെ പരിഗണിക്കില്ല.

വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിലും നിയമനം നടത്താം. ആദ്യത്തേതിൽ വ്യവസായ സ്ഥാപനങ്ങളാണ് പ്രതിഫലം വഹിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമിക്കുമ്പോൾ സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്തണം. ഇത് കൂടാതെ ഹോണററി സേവനമായും താൽപര്യമുള്ളവരെ പരിഗണിക്കാം.

വൈസ് ചാൻസലർമാർക്കും ഡയറക്ടർമാർക്കും വിവിധ മേഖലകളിലെ പ്രഗത്ഭരിൽനിന്ന് 'പ്രഫസർ ഓഫ് പ്രാക്ടീസ്' തസ്തികയിലേക്ക് നാമനിർദേശം ക്ഷണിക്കാം. വ്യക്തികൾക്ക് സ്വയം നാമനിർദേശവും ചെയ്യാം. ഇത് ഒരു സെലക്ഷൻ കമ്മിറ്റി പരിശോധിച്ചാണ് നിയമനത്തിന് ശിപാർശ ചെയ്യുക.

ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യമെന്ന് കണ്ടാൽ മൂന്ന് വർഷം വരെ നീട്ടാം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു വർഷം കൂടി നിയമനം നീട്ടിനൽകാം. ഒരു കാരണവശാലും 'പ്രഫസർ ഓഫ് പ്രാക്ടീസ്' തസ്തികയിൽ നാല് വർഷത്തിൽ കൂടുതൽ ഒരാളെ നിയമിക്കരുതെന്ന് യു.ജി.സി മാർഗരേഖയിൽ പറയുന്നു.

Tags:    
News Summary - UGC clears professor of practice post for ‘experts’, PhD not must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.