ഒരേസമയം രണ്ട് കോഴ്സുകൾ: യു.ജി.സി മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: വിദ്യാർഥികൾക്ക് ഒരേ സമയം രണ്ട് മുഴുസമയ അക്കാദമിക് കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള മാർഗനിർദേശം യു.ജി.സി പ്രസിദ്ധീകരിച്ചു.

ഒരേ സമയം ബിരുദത്തോടൊപ്പം ഡിപ്ലോമയും, രണ്ട് ബിരുദങ്ങള്‍, രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ എന്നിവ ഒന്നിച്ച് ഓഫ് ലൈനായും ഓണ്‍ലൈനായും ചെയ്യാം. കൂടാതെ, ബിരുദാനന്തര ബിരുദക്കാർക്കും ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ തീരുമാനം.

സയൻസ്- ആർട്സ് ഭേദമില്ലാതെ ഏതു വിഷയവും ഒരേസമയം വിദ്യാർഥിക്ക് പഠിക്കാനാവും. ഇതു സംബന്ധിച്ച് യു.ജി.സി പ്രസിദ്ധീകരിച്ച മാർഗ നിർദേശം ഇപ്രകാരമാണ്.

വിദ്യാര്‍ഥികൾക്ക് ഒരേ സമയം രണ്ട് ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സുകള്‍ ചെയ്യാം. കോഴ്‌സിന്‍റെ ക്ലാസുകളുടെ സമയക്രമം പരസ്പരം കൂട്ടിക്കുഴക്കുന്ന വിധത്തിലാകരുത്.

ഒരേ സമയം ഒരു വിഷയം റെഗുലറായും രണ്ടാമത്തെ വിഷയം ഓണ്‍ലൈനായും ചെയ്യാം. ഇതിനു പുറമെ രണ്ടു വിഷയങ്ങള്‍ വരെ ഒരേ സമയം ഓണ്‍ലൈനായും ചെയ്യാം.

യു.ജി.സി അംഗീകാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു മാത്രമെ ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ.

ഈ മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള എല്ലാ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍/വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും യു.ജി.സി ചട്ടങ്ങള്‍ ബാധകമാണ്.

രണ്ട് കോഴ്‌സുകള്‍ ഒരുമിച്ച് ചെയ്യുന്നതിന് അനുമതി നല്‍കി യു.ജി.സി വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് ഒരേ സമയം പൂര്‍ത്തിയാക്കിയ രണ്ടു കോഴ്സുകൾ അംഗീകരിക്കില്ല.

എം.ഫില്‍, പി.എച്ച്ഡി കോഴ്‌സുകള്‍ക്ക് ഈ മാര്‍ഗനിര്‍ദേശം ബാധകമല്ല.

യു.ജി.സിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം കോഴ്‌സുകള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉപാധികളും സര്‍വകലാശാലകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുക്കി നല്‍കണം.

Tags:    
News Summary - Two courses simultaneously: UGC issues guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.