തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് പകരം പഠിച്ച കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷ ബോർഡിലുമുള്ള ഉയർന്ന മാർക്ക് പ്രവേശന പരീക്ഷ കമീഷണറേറ്റ് ശേഖരിക്കും.
സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100ഉം സി.ബി.എസ്.ഇ പോലുള്ള ഇതര ബോർഡുകളിലൊന്നിൽ ഏറ്റവും ഉയർന്ന മാർക്ക് 95 ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും. 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് പരിവർത്തനം ചെയ്യും. ഇതുവഴി 70 മാർക്ക് 73.68 ആയി (70/95x100=73.68) മാറും.
എൻജിനീയറിങ് റാങ്ക് പട്ടികക്കായി പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ പരിഗണിക്കും. ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും (മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി) ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികക്കായി പരിഗണിക്കുക. മൂന്ന് വിഷയങ്ങൾക്കുമായി മൊത്തമുള്ള 300 മാർക്കിൽ മാത്സിന് 150 മാർക്കിന്‍റെയും ഫിസിക്സിന് 90 മാർക്കിന്‍റെയും കെമിസ്ട്രിക്ക് 60 മാർക്കിന്‍റെയും വെയ്റ്റേജിലായിരിക്കും വിദ്യാർഥിയുടെ മാർക്ക് പരിഗണിക്കുക. വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെയായിരിക്കും പരിഗണിക്കുക.
പ്ലസ് ടു മാർക്കിന് പുറമെ, എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടുന്ന നോർമലൈസ് ചെയ്ത സ്കോർ 300ലായിരിക്കും പരിഗണിക്കുക. പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത 300ലുള്ള സ്കോറും ചേർത്ത് 600 ഇൻഡക്സ് മാർക്കിലായിരിക്കും എൻജിനീയറിങ് റാങ്ക് പട്ടികക്കായുള്ള സ്കോർ നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.