അഗ്നിവീർ വായു (ഇൻടേക് 01/2027) തെരഞ്ഞെടുപ്പിന് വ്യോമസേന അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iafrecruitment.edcil.co.inൽ ലഭ്യമാണ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30, 31 തീയതികളിൽ നടത്തും. ഓൺലൈനിൽ രജിസ്ട്രേഷൻ തുടങ്ങി. ഫെബ്രുവരി ഒന്നുവരെ അപേക്ഷ സ്വീകരിക്കും. നാലുവർഷത്തേക്കാണ് നിയമനം.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളടക്കം ഹയർസെക്കൻഡറി/പ്ലസ്ടു/ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് അംഗീകൃത ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർസയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതതമാനം മാർക്കോടെ പാസായിരിക്കണം. (എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം). അല്ലെങ്കിൽ രണ്ടുവർഷത്തെ വൊക്കേഷനൽ കോഴ്സ് (ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). മൊത്തം 50 ശതമാനം മാർക്കോടെ പാസാകണം. ശാസ്ത്രേതര വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവരെയും പരിഗണിക്കും. (ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം).
പ്രായപരിധി: 2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. എൻറോൾമെന്റ് തീയതിയിൽ 21 വയസ്സ് കവിയരുത്.
അപേക്ഷകർ അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരതാമസക്കാരായിരിക്കണം. ഇത് തെളിയിക്കുന്നതിന് ഗെസറ്റഡ് ഓഫിസർ/റവന്യൂ അധികാരിയുടെ ഡൊമിഡൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വ്യോമസേന ജീവനക്കാരുടെ മക്കൾ അവരുടെ അച്ഛൻ/അമ്മ ജോലിചെയ്യുന്ന ജില്ല/സംസ്ഥാന വ്യോമസേനാ മേധാവിയിൽനിന്ന് ‘ചിൽഡ്രൻ ഓഫ് എയർഫോഴ്സ് പെർസനൽ’ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ഉയരം: 152 സെ.മീറ്ററിൽ കുറയരുത്. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരം ഉണ്ടാകണം. നെഞ്ചളവ് 77 സെ.മീറ്ററിൽ കുറയരുത്. മിനിമം അഞ്ചു സെ.മീറ്റർ വികാസശേഷിയുണ്ടാകണം. വൈകല്യങ്ങൾ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാ ഫീസ്: 550 രൂപ+18 ശതമാനം ജി.എസ്.ടി. ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
സെലക്ഷൻ ടെസ്റ്റ്: തെരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ ടെസ്റ്റിൽ സയൻസ് സ്ട്രീമിലുള്ളവർക്ക് ഫിസിക്സ്,മാത്തമാറ്റിക്സ് ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള ചോദ്യങ്ങളുണ്ടാവും. 60 മിനിറ്റ് സമയം ലഭിക്കും.
ശാസ്ത്രേതര സ്ട്രീമിലുള്ളവർക്ക് ഇംഗ്ലീഷ്, റീസണിങ്, പൊതുവിജ്ഞാനം എന്നിവയിലാണ് ചോദ്യങ്ങൾ. 45 മിനിറ്റ് സമയം അനുവദിക്കും. രണ്ട് സ്ട്രീമുകളിലേക്കുമുള്ള ഓൺലൈൻ ടെസ്റ്റിന് 85 മിനിറ്റ് സമയം ലഭിക്കുന്നതാണ്. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ കാൽ (0.25) മാർക്ക് വീതം കുറക്കും.
ഓൺലൈൻ ടെസ്റ്റിൽ ‘കട്ട് ഓഫ് മാർക്ക്’ നേടുന്നവരെ സംസ്ഥാനതലത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് പുതിയ അഡ്മിറ്റ് കാർഡ് നൽകി തുടർസെലക്ഷൻ നടപടികളിലേക്ക് പ്രവേശിപ്പിക്കും. അന്തിമ തെരഞ്ഞെടുപ്പ് കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. സംസ്ഥാനതല എൻറോൾമെന്റ് ലിസ്റ്റ് ഡിസംബർ ഒന്നിന് പ്രസിദ്ധപ്പെടുത്തും.
ശമ്പളം: നാലുവർഷത്തേക്കാണ് നിയമനം. എൻറോൾ ചെയ്താലുടൻ വ്യോമസേനക്കാവശ്യമായ മിലിറ്ററി പരിശീലനം നൽകും. വർഷത്തിൽ 30 ദിവസം അവധി ലഭിക്കും. ചികിത്സാ സൗകര്യമുണ്ട്.
ആദ്യവർഷം പ്രതിമാസം 30,000 രൂപയും രണ്ടാംവർഷം 33,000 രൂപ, മൂന്നാംവർഷം 36,5000 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. ഇതിൽ നിശ്ചിതതുക (30%) കോർപസ് ഫണ്ടിലേക്ക് പിടിക്കും. നാലുവർഷത്തെ സേവന കാലാവധി പൂർത്തിയാവുമ്പോൾ 10.04 ലക്ഷം രൂപ സേവാനിധിയായി ലഭിക്കും. സേവനകാലയളവിൽ റിസ്ക്‍, ഹാർഡ്ഷിപ് അലവൻസുകളും ഡ്രസ്, ട്രാവൽ അലവൻസുകളും അനുവദിക്കും. റേഷൻ, വസ്ത്രം, താമസസൗകര്യം, എൽ.ടി.സി ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.