സർഗാത്മകതക്ക് ഇനി ഡിസൈൻ തിളക്കം; ഐ.ഐ.സി.ഡിയിൽ പ്രവേശനം നേടാം

പരമ്പരാഗത കരകൗശലവിദ്യകളെ ആധുനിക ഡിസൈൻ സങ്കൽപങ്ങളുമായി കോർത്തിണക്കി പുത്തൻ കരിയർ സാധ്യതകൾ തുറക്കുകയാണ് ജയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി).

ഒരു തൊഴിലിനുമപ്പുറം കലയെയും കരവിരുതിനെയും ഗൗരവകരമായ കരിയറായി കാണുന്നവർക്ക് മികച്ച അവസരമൊരുക്കുകയാണ് ഐ.ഐ.സി.ഡി. 2026-27 അധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഡിസൈൻ ലോകത്തെ നൂതന പ്രവണതകൾക്കൊപ്പം ഇന്ത്യൻ പൈതൃകത്തെയും ചേർത്തുപിടിക്കുന്ന ഈ സ്ഥാപനം, ക്രാഫ്റ്റ് സെക്ടറിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രഫഷണലുകളെ വാർത്തെടുക്കുന്നതിൽ മുൻപന്തിയിലാണ്.

നാല് വർഷത്തെ ബാച്ചിലർ പ്രോഗ്രാമിൽ (ബി.ഡെസ്) ഹാർഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ്, ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ് കമ്യൂണിക്കേഷൻ, ഇന്റീരിയർ ഡിസൈൻ എന്നിങ്ങനെ ഏഴ് വ്യത്യസ്ത സ്പെഷലൈസേഷനുകൾ ലഭ്യമാണ്. പ്ലസ് ടു വിജയിച്ചർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ആകെ 180 സീറ്റ്.

ഡിസൈൻ പശ്ചാത്തലമുള്ള ബിരുദധാരികൾക്കായി രണ്ട് വർഷത്തെ മാസ്റ്റർ പ്രോഗ്രാമും (എം.ഡെസ്), മറ്റേതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കായി ഒരുവർഷത്തെ പി.ജി ഡിപ്ലോമ ഇൻ ഡിസൈൻ ഫൗണ്ടേഷൻ കോഴ്സുമുണ്ട്. ബി.ഡെസ്, ബി.ആർക്ക് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് എം.ഡെസിന് അപേക്ഷിക്കാം. ഒ.ബി.സി 27 ശതമാനം, എസ്.സി 15 എസ്.ടി 7.5, ഭിന്നശേഷി മൂന്നു ശതമാനം സംവരണമുണ്ട്.

ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ അവയർനസ് ആൻഡ് ക്രിയേറ്റിവിറ്റി ടെസ്റ്റ് (35 ശതമാനം), മെറ്റീരിയൽ ആൻഡ് കളർ ടെസ്റ്റ് (45 ശതമാനം), പേഴ്സണൽ ഇന്റർവ്യൂ (20 ശതമാനം) എന്നിങ്ങനെയാണ് മാർക്ക്. ഏപ്രിൽ അഞ്ചോടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. മേയ് ഒന്നുമുതൽ ഇന്റർവ്യൂ നടക്കും. അപേക്ഷാ ഫീസായി ഇന്ത്യൻ വിദ്യാർഥികൾ 1750 രൂപ ഓൺലൈനായി അടയ്ക്കണം. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷകർക്ക് ഇംഗ്ലീഷിൽ പ്രായോഗിക ജ്ഞാനം നിർബന്ധമാണ്. പ്രവേശന പ്രക്രിയയിൽ ഏറ്റവും നിർണായകമായ ഒന്നാണ് പോർട്ട്ഫോളിയോ. നിങ്ങളുടെ സർഗാത്മകതയുടെയും നൈപുണ്യത്തിന്റെയും സാക്ഷ്യപത്രമാണത്. അഭിമുഖസമയത്ത് നിങ്ങൾ മുമ്പ് ചെയ്തിട്ടുള്ള കലാസൃഷ്ടികൾ അതായത് സ്കെച്ചുകൾ, പെയിന്റിങ്ങുകൾ, എംബ്രോയ്ഡറി വർക്കുകൾ, ഫോട്ടോഗ്രഫി, അല്ലെങ്കിൽ കരകൗശല വസ്തുക്കൾ അവതരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ നിരീക്ഷണ പാടവം, വർണാഭമായ സങ്കൽപങ്ങൾ, കഴിവ് എന്നിവ വ്യക്തമാക്കുന്ന മികച്ച 10 വരെ സൃഷ്ടികൾ ഉൾപ്പെടുത്തി വേണം പോർട്ട്ഫോളിയോ തയാറാക്കാൻ.

മെറിറ്റ് അടിസ്ഥാനത്തിലും സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്കുമായി പ്രത്യേക സ്കോളർഷിപ്പുകൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. ഓൺലൈൻ പ്രവേശന പരീക്ഷ ഏപ്രിലിലായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.iicd.ac.in/

Tags:    
News Summary - Creativity now shines with design; you can get admission in IICD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-28 01:35 GMT