ന്യൂഡൽഹി: കേരള ഹൈകോടതി വിധിയെതുടർന്ന് പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് 12 വിദ്യാർഥികൾ സുപ്രീംകോടതിയിൽ. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്നും വിദ്യാർഥികൾ സ്വന്തം നിലക്ക് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദ്യാർഥികൾ പരമോന്നത കോടതിയെ സമീപിച്ചത്.
ഈ മാസം 16ന് എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള യോഗ്യരായ വിദ്യാർഥികളുടെ കേന്ദ്രീകൃത അലോട്ട്മെൻറ് പ്രക്രിയക്കുള്ള രജിസ്ട്രേഷൻ തുടങ്ങുന്നതിനാൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്നും മലപ്പുറം ചേളാരി ചെനക്കലങ്ങാടി അബ്ദുല്ലത്തീഫിന്റെ മകൾ മുഫീദ അടക്കം വിദ്യാർഥികൾ അഡ്വ. സുൽഫീക്കർ അലി മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
മാർക്ക് ഏകീകരണ പ്രക്രിയയിലൂടെ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളോട് അനീതിയാണ് കാണിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ വിദ്യാർഥികളുടെ അർഹമായതോ ന്യായമായതോ ഒരാവശ്യവും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
തിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് പട്ടിക റദ്ദാക്കി പുതുക്കിയിറക്കിയതിനെതിരെ കേരള സിലബസിലുള്ള വിദ്യാർഥികൾ സുപ്രീംകോടതി കയറുന്നതോടെ ഈ വർഷത്തെ പ്രവേശന നടപടികൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക്. കോടതി ഇടപെടൽ ഇനിയുമുണ്ടായാൽ പ്രവേശന നടപടികൾ വൈകും. എല്ലാത്തിനും വഴിവെച്ചത് സമയവും കാലവും പരിഗണിക്കാതെ പ്രോസ്പെക്ടസിൽ സർക്കാർ വരുത്തിയ ഭേദഗതിയും.
പ്രോസ്പെക്ടസ് ഭേദഗതി വരുത്തിയ നടപടി റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. പ്രവേശന നടപടികൾ വൈകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഹൈകോടതി വിധി പ്രകാരം പട്ടിക പുതുക്കി പ്രവേശന നടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്.
കേരള സിലബസിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ മാർക്കിൽ കുറവുവരുത്തുന്ന സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിൽ മാറ്റംവരുത്തിയ നടപടിയിൽ തെറ്റില്ലെന്ന് തന്നെയാണ് സർക്കാർ നിലപാടെങ്കിലും സുപ്രീംകോടതിയിൽ പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ, വിദ്യാർഥികൾ സുപ്രീംകോടതിയിലെത്തുമ്പോൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
സർക്കാർ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച സി.ബി.എസ്.ഇ വിദ്യാർഥികളും വിധി നിലനിർത്തിക്കിട്ടാൻ സുപ്രീംകോടതിയിലെത്തും. സർക്കാർ സ്വീകരിച്ച നടപടികൾ കേരള സിലബസിലുള്ള വിദ്യാർഥികൾ നേരിടുന്ന അനീതി പരിഹരിക്കാനുള്ളതായിരുന്നെങ്കിലും അതിന് നിയമപരിരക്ഷയില്ലാതെ പോയതാണ് തിരിച്ചടിയായത്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പോലും കോടതിയിൽ സർക്കാർ വാദത്തെ ദുർബലപ്പെടുത്തുകയായിരുന്നു.
പ്രവേശന നടപടികൾ ഇതിനകം വൈകിയ സാഹചര്യത്തിൽ സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട് സർക്കാർ എ.ഐ.സി.ടി.ഇക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും സർക്കാർ അഭ്യർഥന പ്രകാരം സമയം നീട്ടിനൽകിയതിനാൽ ഈ വർഷവും അതിന് തടസ്സമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ളവയിലേക്ക് മൂന്ന് റൗണ്ട് അലോട്ട്മെന്റാണ് പ്രവേശന പരീക്ഷ കമീഷണർ നടത്തേണ്ടത്. ഇതിന് ശേഷം ഒഴിവുവരുന്ന സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ സീറ്റുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്പോട്ട് അഡ്മിഷനും നടത്തും. മൂന്ന് അലോട്ട്മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്വാശ്രയ കോളജുകൾക്ക് നേരിട്ട് പ്രവേശനം നടത്താം.
ഈ നടപടികൾ കൂടി പൂർത്തിയാക്കാൻ നിലവിലുള്ള അവസാന തീയതിയായ ആഗസ്റ്റ് 14നകം സാധിക്കില്ലെന്ന സാഹചര്യത്തിലാണ് സർക്കാർ സമയം നീട്ടിവാങ്ങാൻ തീരുമാനിച്ചത്. എന്നാൽ, കേസിൽ സുപ്രീംകോടതി ഇടപെടൽ കൂടി ഉണ്ടായാൽ ഇപ്പോൾ നിശ്ചയിച്ച പ്രവേശന ഷെഡ്യൂൾ ഒന്നടങ്കം താളംതെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.