രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും (ഐ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബാംബ്ലൂരിലും 32 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എൻ.ഐ.ടികൾ) 26 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും (ഐ.ഐ.ടികൾ) 56 കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ജി.എഫ്.ടി.ഐകൾ) 2026-27 അധ്യയനവർഷത്തെ എൻജിനീയറിങ്, പ്ലാനിങ്, ആർക്കിടെക്ചർ തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കുള്ള ജോയന്റ് സീറ്റ് അലോക്കേഷൻ (ജോസ-2026) ഓൺലൈൻ കൗൺസലിങ് ചോയ്സ് ഫില്ലിങ്, രജിസ്ട്രേഷൻ നടപടികളാരംഭിച്ചു. കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും ഫീസ് പേയ്മെന്റ്, പ്രവേശന നടപടികൾ അടങ്ങിയ ‘ജോസ-2026’ ബിസിനസ് റൂൾസ് https://josaa.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി അക്കാദമിക് പ്രോഗ്രാമുകളിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 റാങ്ക് പരിഗണിച്ചും എൻ.ഐ.ടികൾ, ഐ.എ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (IIEST) ജി.എഫ്.ടി.ഐകൾ (എൻ.ഐ.ടി+ സിസ്റ്റം) എന്നിവയുടെ അക്കാദമിക് പ്രോഗ്രാമുകളിൽ ജെ.ഇ.ഇ (മെയിൻ) 2026 റാങ്കടിസ്ഥാനത്തിലുമാണ് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി, ഓൺലൈൻ കൗൺസലിങ് വഴി സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. സ്ഥാപനങ്ങളും പ്രോഗ്രാമുകളും സീറ്റുകളും ഡിസിപ്ലിനുകളും യോഗ്യതാ മാനദണ്ഡങ്ങളുമെല്ലാം ജോസ ഓൺലൈൻ പോർട്ടലിൽ ലഭിക്കും. ബി.ആർക് പ്രവേശനം ആർക്കിടെക്ചർ ആപ്ടിട്യൂഡ് ടെസ്റ്റ് (AAT-2026) റാങ്ക് അടിസ്ഥാനത്തിലാണ്. അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് ചോയ്സ് ഫില്ലിങ് അടക്കം രജിസ്റ്റർ ചെയ്യാം.

‘ജോസ-2026’ ബിസിനസ് റൂൾസിലെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിച്ച് വേണം കൗൺസലിങ്, അലോട്ട്മെന്റ് പ്രക്രിയകളിൽ സമയബന്ധിതമായി പങ്കെടുക്കേണ്ടത്.

ഐ.ഐ.ടി, ഐ.ഐ.എസ്.സി സീറ്റ് അലോക്കേഷൻ/പ്രവേശന നടപടികളുടെ നിയന്ത്രണം ജോയന്റ് അഡ്മിഷൻ ബോർഡിനും (JAB-2026) എൻ.ഐ.ടികൾ അടക്കം മറ്റു സ്ഥാപനങ്ങളുടെ പ്രവേശന നടപടികളുടെ നിയന്ത്രണം സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡിനും (CSAB-2026) ആയിരിക്കും.

ആർക്കൊക്കെ കൗൺസലിങ്ങിൽ പങ്കെടുക്കാം: ഐ.ഐ.ടികൾ, ഐ.ഐ.എസ്.ബി ജോയന്റ് സീറ്റ് അലോക്കേഷനിൽ ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2026 റാങ്കുകാർക്കാണ് പങ്കെടുക്കാവുന്നത്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കം അഞ്ച് വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (പട്ടികജാതി/വർഗം ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മാർക്ക് മതി) അല്ലെങ്കിൽ 2025/2026 വർഷത്തെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഉയർന്ന 20 പേർസെൈന്റലിൽ കുറയാതെ വിജയിച്ചിരിക്കണം.

എൻ.ഐ.ടി+ സിസ്റ്റം കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ജെ.ഇ.ഇ (മെയിൻ) 2026 റാങ്ക് ജേതാക്കൾക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത ഐ.ഐ.ടികളിലേതുപോലെതന്നെ നിശ്ചിത മാർക്കുള്ള ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും.

ജോസ-2026 ഷെഡ്യൂളുകൾ: സീറ്റ് അലോട്ട്മെന്റ് അഞ്ച് റൗണ്ടുകളിലായി നടത്തും. ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 8 ഉച്ചക്ക് 2 മണിവരെ. ജൂൺ 7 വരെയുള്ള ചോയ്സുകൾ ഉൾപ്പെടുത്തി മോക് സീറ്റ് അലോക്കേഷൻ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (AAT-2026) റാങ്കടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ ചോയ്സ് ഫില്ലിങ് ജൂൺ 7ന് തുടങ്ങും.

ജൂൺ 10 ഒരുമണിക്ക് ജൂൺ 9 വരെയുള്ള ചോയ്സുകൾ പരിഗണിച്ച് രണ്ടാമത്തെ മോക് സീറ്റ് അലോക്കേഷൻ പ്രസിദ്ധപ്പെടുത്തും. അവരവരുടെ ചോയ്സുകൾ ലോക്ക്ചെയ്യണം.

ജൂൺ 11 വൈകീട്ട് 5 മണിക്ക് ‘ജോസ’ അക്കാദമിക് പ്രോഗ്രാമുകളുടെ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും അവസാനിക്കും. സീറ്റ് ആക്സപ്റ്റൻസ് ഫീസ് മുൻകൂറായി അടച്ച് രേഖകൾ അപ്ലോഡ് ചെയ്യാവുന്നതാണ്.

ജൂൺ 13ന് രാവിലെ 10 മണിക്ക് ആദ്യറൗണ്ട് സീറ്റ് അലോട്ട്മെന്റ് നടത്തും. 13-26 വൈകീട്ട് 5 മണിവരെ ഓൺലൈനിൽ റിപ്പോർട്ട് ചെയ്ത് ഫീസ് അടച്ച് പ്രവേശന നടപടികളിലേക്ക് കടക്കാം.

ജൂൺ 29 വൈകീട്ട് 5 മണിക്കകം ആദ്യ റൗണ്ടിലെ സംശയങ്ങൾ തീർത്ത് ജൂൺ 30 വൈകീട്ട് 5ന് രണ്ടാം റൗണ്ട് അലോട്ട്മെന്റ്. തുടർന്നുള്ള റൗണ്ടുകളുടെ ഷെഡ്യൂളുകൾ ബിസിനസ് റൂൾസിലുണ്ട്.

ഐ.ഐ.ടികൾ, ഐ.ഐ.എസ്.സിയിലേക്കുള്ള അഞ്ചാം റൗണ്ട് (അവസാന റൗണ്ട്) സീറ്റ് അലോട്ട്മെന്റ് പ്രവേശന നടപടികൾ ജൂലൈ 16ന് തുടങ്ങി 20ന് അവസാനിക്കും.

എൻ.ഐ.ടി+സിസ്റ്റത്തിന് മാത്രമായുള്ള അലോട്ട്മെന്റ് നടപടികൾ ജൂലൈ 16 മുതൽ 21 വൈകീട്ട് 5 മണിവരെയാണ്. സീറ്റ് പിൻവലിക്കൽ നടപടികളും ഈ ഘട്ടത്തിൽ നടത്താം. ജൂലൈ 22-24 വൈകീട്ട് 5 വരെ ഭാഗികമായി അഡ്മിഷൻ ഫീസ് അടച്ച് റിപ്പോർട്ടിങ് അഡ്മിഷൻ നടപടികളിലേക്കും സ്പെഷൽ റൗണ്ടുകളിലേക്കും കടക്കാം. (വിവരങ്ങൾക്ക് https://csab.nic.in).

അലോട്ട് ചെയ്ത സീറ്റ് സ്വീകരിക്കുന്നതിനും അവസാന റൗണ്ട് വരെയുള്ള ‘ജോസ’ അലോട്ട്മെന്റ് നടപടികളിൽ തുടരുന്നതിനും സമയബന്ധിതമായി സീറ്റ് അക്സസ്റ്റൻസ്‍ ഫീസ് അടച്ച് ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്തിരിക്കണം.

അപ് ലോഡ് ചെയ്യേണ്ട രേഖകൾ: ജനന തീയതി തെളിയിക്കുന്നതിന് പത്താംക്ലാസ് സർട്ടിഫിക്കറ്റ്/ആധാർ കാർഡ്/ജനന സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്നതിന് പ്ലസ്ടു മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും. അഡ്മിറ്റ് കാർഡ് (ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് 2026), SC/ST/OBC-NCL/EWS വിഭാഗങ്ങൾ നിർദിഷ്ട ഫോറത്തിൽ ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാർ 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രോസ് ചെയ്ത ബാങ്ക് ചെക്ക്/ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് പകർപ്പ് മുതലായ രേഖകളാണ് അപ്ലോഡ് ചെയ്യേണ്ടത്.

രജിസ്ട്രേഷൻ ചോയ്സ് ഫില്ലിങ്: ‘ജോസ-2026’ ഓൺലൈൻ കൗൺസലിങ്ങിലും സീറ്റ് അലോക്കേഷനിലും പങ്കെടുക്കുന്നതിന് സമയബന്ധിതമായി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. https://josaa.nic.inൽ ഇതിനുള്ള സൗകര്യമുണ്ട്. ഓൺലൈനിൽ ജൂൺ 8 ഉച്ചക്ക് 2 മണിവരെ രജിസ്ട്രേഷൻ സ്വീകരിക്കും. സ്ഥാപനങ്ങളും പ്രോഗ്രാമുകളും മുൻഗണനാ ക്രമത്തിൽ നിർദേശാനുസരണം രേഖപ്പെടുത്തണം. ജോസ പോർട്ടലിൽ ചോയ്സ് ഫില്ലിങ് നടത്തി ലോക്ക് ചെയ്ത് ‘സേവ്’ ചെയ്യാൻ മറക്കരുത്.

വിവിധ കാറ്റഗറികൾ: സീറ്റ് അലോക്കേഷന് യോഗ്യത നേടിയവരെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജനറൽ ജനറൽ-ഭിന്നശേഷിക്കാർ (PWD), ജനറൽ-EWS, ജനറൽ -EWS-ഭിന്നശേഷിക്കാർ, ഒ.ബി.സി നോൺ ക്രീമിലെയർ, ഒ.ബി.സി-എൻ.ഡി.എൽ- PWD, SC/SC-PWD, ST, ST-PWD എന്നിങ്ങനെ 10 കാറ്റഗറികളായാണ് തിരിച്ചിട്ടുള്ളത്.

റാങ്ക് ലിസ്റ്റുകൾ: ഐ.ഐ.ടികളിലേക്കും ഐ.ഐ.എസ്.സിയിലേക്കുമുള്ള സീറ്റ് അലോക്കേഷന് ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2026 അടിസ്ഥാനത്തിലും എൻ.ഐ.ടി+സിസ്റ്റം അലോക്കേഷന് ജെ.ഇ.ഇ (മെയിൻ) 2026 റാങ്ക് അടിസ്ഥാനത്തിലും കോമൺ റാങ്ക്‍ലിസ്റ്റ് തയാറാക്കും. ജനറൽ, OBC-NCL, EWS, SC/ST അടക്കം വിവിധ കാറ്റഗറികൾക്കായി പ്രത്യേക റാങ്ക്‍ലിസ്റ്റുകളുമുണ്ടാകും.

ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് പരീക്ഷയിൽ ഓരോ വിഷയത്തിനും ലഭിച്ച മാർക്കിന്റെയും മൊത്തം മാർക്കിന്റെയും ശതമാനം കണക്കാക്കിയാണ് റാങ്ക്‍ലിസ്റ്റ് തയാറാക്കുക.

എൻ.ഐ.ടി+ സിസ്റ്റം അഡ്മിഷന് മൂന്ന് സെറ്റ് റാങ്ക്‍ലിസ്റ്റുകളാണുണ്ടാവുക. ഒന്നാമത്തേത് ജെ.ഇ.ഇ മെയിൻ 2026 ബി.ഇ/ബി.ടെക് പേപ്പർ ഒന്നിലെ മികവും രണ്ടാമത്തേത് ജെ.ഇ.ഇ മെയിൻ 2026 പേപ്പർ രണ്ട് ‘എ’ ബി.ആർക്ക് പേപ്പറിലെ മികവും മൂന്നാമത്തേത് ജെ.ഇ.ഇ മെയിൻ പേപ്പർ രണ്ട് ബി-ബി. പ്ലാൻ പേപ്പറിലെ മികവും പരിഗണിച്ചാണ് റാങ്ക്‍ലിസ്റ്റ്. ഓരോ സെറ്റിലും വിവിധ കാറ്റഗറികൾക്കായി പത്ത് റാങ്ക്‍ലിസ്റ്റുകൾ വീതമുണ്ടാവും. ഒരാൾ ഒന്നിലധികം റാങ്ക്‍ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം.

സീറ്റ് അലോട്ട്മെന്റ്: റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് അഞ്ച് റൗണ്ടുകളായാണ് അലോട്ട്മെന്റ് നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ഷെഡ്യൂളുകൾ പോർട്ടലിലുണ്ട്. റാങ്കും ചോയ്സും കാറ്റഗറിയും പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്. മുഖ്യ അലോട്ട്മെന്റിനു മുമ്പ് സാധ്യതകളറിയാൻ രണ്ട് മോക്ക് സീറ്റ് അലോക്കേഷനുകളുമുണ്ടാവും.

ആദ്യ റൗണ്ട് അലോട്ട്മെന്റിന് ശേഷം ലഭിച്ച സീറ്റിൽ തൃപ്തികരമല്ലെങ്കിൽ തുടർന്നുള്ള റൗണ്ടുകളിൽ സീറ്റ് അപ്ഗ്രഡേഷൻ നടത്താം. ഇതിനുള്ള വ്യവസ്ഥകളും മാർഗനിർദേശങ്ങളും ‘ജോസ’ ബിസിനസ് റൂൾസിലുണ്ട്.

അവരവരുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുത്. നിരന്തരം പോർട്ടൽ സന്ദർശിച്ച് ലഭിക്കുന്ന അലോട്ട്മെന്റുകൾ പരിശോധിച്ച് നിർദേശാനുസരണം ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള പ്രവേശന നടപടികളിലേക്ക് കടക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചയുടൻ ഇനീഷ്യൽ സീറ്റ് അലോട്ട്മെന്റ് ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യണം. ലഭിച്ച സീറ്റ് സ്വീകരിക്കുകയോ ഫ്രീസ്, സ്ലൈഡ്, ഫ്ലോട്ട് ഓപ്ഷനുകൾ ഉപയോഗിച്ച് ഹയർ ചോയ്സിനായി തുടർ റൗണ്ടുകളിലേക്ക് പോകാം. അലോട്ട്മെന്റ് ലഭിക്കുന്നവർ സീറ്റ് അക്സപ്റ്റൻസ് ഫീസ് അടക്കണം.

സീറ്റ് അക്സപ്റ്റൻസ് ഫീസ്: 30,000 രൂപ. SC/ST/PWD/EWS/OBC/NCL വിഭാഗങ്ങളിൽപെടുന്നവർ 15000 രൂപ നൽകിയാൽ മതി. ഇതിൽ 5000 രൂപ ‘ജോസ’ പ്രോസസിങ് ചാർജാണ്. ഇതൊഴികെയുള്ള തുക അഡ്മിഷൻ ഫീസിൽ ക്രമീകരിക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, യു.പി.ഐ മുഖേന ഫീസ് അടക്കാം.

Tags:    
News Summary - Registration for ‘Josa-2026’ has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.