നോബൽ ജോതാക്കളും യുവപ്രതിഭകളും ഒരുമിക്കുന്ന ലിൻഡൗ മീറ്റിങ്ങിലേക്ക് അപേക്ഷിക്കാം
ജർമനിയിൽ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മാസ്റ്റേഴ്സ് വിദ്യാർഥികൾക്കും പിഎച്ച്.ഡി. ഗവേഷകർക്കും യുവ പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്കും അവസരം. ശാസ്ത്രരംഗത്ത് ഗവേഷണ സ്വപ്നങ്ങളുമായി മുന്നേറുന്ന യുവാക്കൾക്ക് മികച്ച അവസരമാണിത്. 2027 ജൂൺ 27 മുതൽ ജൂലൈ 2 വരെ നടക്കുന്ന സമ്മേളനത്തിലേക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാ(ഡി.എസ്.ടി)ണ് അപേക്ഷ ക്ഷണിച്ചത്. നോബൽ ജേതാക്കളുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിനൊപ്പം അവരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ചോദിക്കാനും ഗവേഷണാനുഭവങ്ങൾ പങ്കുവെക്കാനും ഇവിടെ അവസരമുണ്ട്. സമ്മേളനങ്ങൾ ഓരോ വർഷവും വ്യത്യസ്ത ശാസ്ത്രശാഖകൾക്ക് പ്രാധാന്യം നൽകിയാണ് സംഘടിപ്പിക്കുന്നത്. നടക്കാനിരിക്കുന്ന സമ്മേളനം ശരീരശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നത്. അവസാന തീയതി ഒക്ടോബർ 23.
ആർക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്ക് ഡി.എസ്.ടിയുടെ അറിയിപ്പിൽ പറയുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് അപേക്ഷിക്കാം.
പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് പരിഗണിക്കുന്നത്:
- മാസ്റ്റേഴ്സ് വിദ്യാർഥികൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവർ.
- ഡോക്ടറൽ ഗവേഷകർ: പിഎച്ച്.ഡി. തലത്തിൽ ഗവേഷണം നടത്തുന്നവർ.
- യുവ പോസ്റ്റ്ഡോക്ടറൽ ഗവേഷകർ: അപേക്ഷയുടെ അവസാന തീയതിയിൽ 35 വയസ്സ് തികയാത്തവർ.
എന്തൊക്കെ മാനദണ്ഡം
- അപേക്ഷയുടെ അവസാന തീയതിയിൽ 35 വയസ്സിൽ കവിയരുത്.
- മികച്ച അക്കാദമിക് നേട്ടങ്ങളും ഗവേഷണത്തോടുള്ള താൽപര്യവും ഉണ്ടായിരിക്കണം.
- അപേക്ഷകനെ അടുത്തറിയുന്ന അക്കാദമിക് വിദഗ്ധരിൽനിന്ന് രണ്ട് വിശദമായ ശുപാർശക്കത്തുകൾ ലഭിക്കണം.
- ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനും ശാസ്ത്രീയ ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും കഴിയണം.
- മുമ്പ് ലിൻഡൗ സമ്മേളനങ്ങളിൽ പങ്കെടുത്തവരാകരുത്.
- അപേക്ഷക്കൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും സമർപ്പിക്കണം.
- അപേക്ഷിക്കുന്ന സമയത്ത് സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിച്ചതുകൊണ്ടോ ഡി.എസ്.ടിയുടെ പ്രാഥമിക പരിശോധനയിൽ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടോ സമ്മേളനത്തിലെ പങ്കാളിത്തം ഉറപ്പാകില്ല. അന്തിമ തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കനുസരിച്ചായിരിക്കും.യാത്രാച്ചെലവ്, താമസം, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവയെക്കുറിച്ച് അപേക്ഷകർ ഔദ്യോഗിക അറിയിപ്പിലെ വ്യവസ്ഥകൾ പരിശോധിക്കണം. പങ്കെടുക്കുന്നതിനുള്ള എല്ലാ ചെലവുകളും പൂർണമായി ലഭിക്കുമെന്ന് കരുതരുത്.
വിശദ വിവരങ്ങൾ: https://www.lindau-nobel.org/young-scientists/
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.