യുജിസി നെറ്റ് രജിസ്ട്രേഷൻ തുടങ്ങി; അവസാന തിയതി ഒക്ടോബർ 28
ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) യുജിസി നെറ്റ് ഡിസംബർ 2026 സെഷനിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 8 മുതൽ ഒക്ടോബർ 28 രാത്രി 11.50 വരെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി അപേക്ഷിക്കാം. 87 വിഷയങ്ങളിലായി ഡിസംബർ 14 മുതൽ 19 വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിട്ടായിരിക്കും നടക്കുക. അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണയിക്കുന്നതിനാണ് യുജിസി നെറ്റ് നടത്തുന്നത്.
യുജിസി നെറ്റ് അപേക്ഷിക്കാനും ഫീസ് അടക്കാനുമുള്ള അവസാന തിയതി ഒക്ടോബർ 28 രാത്രി 11.50 വരെയാണ്. അവസാന തിയതി കഴിഞ്ഞാൽ 500 രൂപ അധിക ലേറ്റ് ഫീ അടച്ച് ഒക്ടോബർ 29 മുതൽ 31 വരെ അപേക്ഷിക്കാനും ഫീസ് അടക്കാനും അവസരം ഉണ്ടാകും. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ നവംബർ 2 മുതൽ 4 വരെ കറക്ഷൻ വിൻഡോ തുറന്നിരിക്കും. പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ നടക്കും. പരീക്ഷാ നഗരം, അഡ്മിറ്റ് കാർഡ്, ഉത്തരസൂചിക എന്നിവയുടെ തീയതികൾ പിന്നീട് അറിയിക്കും.
ജനറൽ, അൺറിസർവ്ഡ് വിഭാഗക്കാർക്ക് 1,150 രൂപ ആണ് ഫീസ്. ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപ അടച്ചാൽ മതി. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, മൂന്നാം ലിംഗ വിഭാഗക്കാർ എന്നിവർക്ക് 325 രൂപ ആണ് ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി ഫീസ് അടക്കാം.
ആദ്യം ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.ഹോം പേജിലെ UGC NET December 2026 Registration ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷാ ഫോം പൂരിപ്പിക്കുക.ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക. ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക. കൺഫർമേഷൻ പേജിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സേവ് ചെയ്ത് വെക്കുക. അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. ഒരു ഉദ്യോഗാർഥിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ കഴിയൂ.
നവംബർ 2 മുതൽ 4 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ഉണ്ടായിരിക്കും. ഫൈനൽ സബ്മിഷന് ശേഷം ഈ വിൻഡോയിലൂടെ മാത്രമേ തിരുത്തൽ അനുവദിക്കൂ എന്ന് എൻ.ടി.എ അറിയിച്ചു. രജിസ്ട്രേഷൻ എളുപ്പമാക്കാൻ കഴിയുന്നിടത്തോളം ആധാർ വെരിഫിക്കേഷൻ ഉപയോഗിക്കാൻ ഉദ്യോഗാർഥികളോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.