പ്ലസ് ടു സർട്ടിഫിക്കറ്റ്: പിഴവ് സമ്മതിച്ച് പ്രസുകാർ; സർട്ടിഫിക്കറ്റ് സൗജന്യമായി അച്ചടിച്ച് നൽകും

തിരുവനന്തപുരം: പ്ലസ് ടു സർട്ടിഫിക്കറ്റ് അച്ചടിയിലെ പിഴവ് സമ്മതിച്ച് പ്രസിന്‍റെ വിശദീകരണം. പ്രസുകാരിൽനിന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്, ഡേറ്റകൾ സർട്ടിഫിക്കറ്റിലേക്ക് മാറ്റുമ്പോൾ മാപ്പിങ്ങിൽ പിഴവുണ്ടായെന്ന് വ്യക്തമാക്കിയത്. തെറ്റായി അച്ചടിച്ച സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയവ സൗജന്യമായി അച്ചടിച്ച് നൽകും.

അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; പുതിയ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ നിർദേശം

തിരുവനന്തപുരം: നിരന്തര മൂല്യനിർണയത്തിനുള്ള (സി.ഇ) മാർക്ക് 30,000 സർട്ടിഫിക്കറ്റുകളിൽ തെറ്റായി അച്ചടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തെറ്റായ സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയത് ഉടൻ വിതരണം ചെയ്യാൻ മന്ത്രി നിർദേശം നൽകി. ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയൻറ് ഡയറക്ടർ, സംസ്ഥാന ഐ.ടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡേറ്റയാണ് പ്രിന്റിങ്ങിനായി നൽകിയത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ (രണ്ടാമത്തെ ഓപ്ഷനൽ വിഷയം) ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത സി.ഇ മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിലാണ് പിഴവുണ്ടായത്. ഒന്നാം വർഷത്തിന് നൽകിയ സി.ഇ മാർക്ക് തന്നെ രണ്ടാം വർഷത്തെ കോളത്തിലും ഇടംപിടിച്ചതാണ് പ്രശ്നമായത്. കേരളത്തിന് പുറത്തുള്ള പ്രസിൽ അച്ചടിച്ച സർട്ടിഫിക്കറ്റിലാണ് പിഴവ് സംഭവിച്ചത്. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ പുതിയത് സ്കൂളിൽ എത്തുന്ന മുറക്ക് നൽകി പഴയത് വിദ്യാർഥികളിൽനിന്ന് തിരികെ വാങ്ങണം.

ഇതുവരെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാത്ത സ്കൂൾ പ്രിൻസിപ്പൽമാർ തെറ്റില്ലാത്ത സർട്ടിഫിക്കറ്റ് മാത്രം വിതരണം ചെയ്യണം. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കണം.

പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, ഹയർ സെക്കൻഡറി അക്കാദമിക് ജോയന്‍റ് ഡയറക്ടർ ഡോ. എസ്. ഷാജിത, പരീക്ഷ വിഭാഗം ജോയന്‍റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Plus Two Certificate: press admit mistake; Certificates will be printed and provided free of cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.