കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ഹൈകോടതി ഒരു ദിവസം കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട ഹരജി വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് പരിഗണിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടിയത്. സി.ബി.എസ്.ഇ സിലബസിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികളുടെ ഹരജിയിലാണ് ഉത്തരവ്.
അപേക്ഷ നൽകാനുള്ള ദിവസം ജൂലൈ 18ന് തീരാനിരിക്കെ ഹരജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ 21 വരെ നീട്ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കവെ, ഫലപ്രഖ്യാപനം വൈകില്ലെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് വെള്ളിയാഴ്ച വൈകുന്നേരം ഹരജി പരിഗണിക്കാൻ മാറ്റിയത്.
പത്താം ക്ലാസ് പരീക്ഷ ഫലം വരാൻ ഒന്നോ രണ്ടോ ദിവസം വൈകിയാലും സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി സിലബസിലേക്ക് മാറാനുള്ള അവസരം ഇല്ലാതാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി അനന്തമായി നീട്ടാനാവില്ലെന്നും സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം നൽകാൻ തയാറാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കൻഡറി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.