തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷയിൽ ഒരേ സ്കോർ നേടുന്നവരുടെ റാങ്ക് നിർണയ രീതിയിൽ ദേശീയ മെഡിക്കൽ കമീഷൻ മാറ്റംവരുത്തി. ഒരേ സ്കോർ വരുന്നവരെ റാങ്ക് ചെയ്യാൻ പരീക്ഷയിൽ ബയോളജിയിൽ ലഭിക്കുന്ന മാർക്കായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. ബയോളജിയിലും തുല്യമായി വരുന്നവരുടെ കാര്യത്തിൽ കെമിസ്ട്രിയും അതിലും തുല്യമായി വരുന്നവരുടേതിൽ ഫിസിക്സിലും ലഭിക്കുന്ന സ്കോർ പരിഗണിച്ച് റാങ്ക് നിശ്ചയിക്കുന്നതാണ് നിലവിലെ രീതി.
സമനില ഒഴിവാക്കാൻ ബയോളജിക്ക് പകരം ഫിസിക്സിൽ ലഭിക്കുന്ന സ്കോർ ആയിരിക്കും ഇനി ആദ്യം പരിഗണിക്കുക. ഇതിനുള്ള വ്യവസ്ഥ ജൂൺ രണ്ടിന് ദേശീയ മെഡിക്കൽ കമീഷൻ പ്രസിദ്ധീകരിച്ച ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻ 2023ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫിസിക്സിനുശേഷം കെമിസ്ട്രിയും ശേഷം ബയോളജിയും പരിഗണിക്കുന്നതായിരിക്കും പുതിയ രീതി. മൂന്ന് വിഷയങ്ങളും പരിഗണിച്ചിട്ടും സമനില തുടരുകയാണെങ്കിൽ മാനുഷിക ഇടപെടലില്ലാത്ത രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള നറുക്കെടുപ്പ് നടത്താനും റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. പുതിയ റെഗുലേഷൻ വ്യവസ്ഥ അടുത്ത നീറ്റ് -യു.ജി പരീക്ഷമുതൽ പ്രാബല്യത്തിൽ വരും. എം.ബി.ബി.എസ് പ്രവേശനം നേടുന്ന വിദ്യാർഥിക്ക് കോഴ്സ് പൂർത്തിയാക്കാനുള്ള കാലാവധി പ്രവേശന തീയതി മുതൽ ഒമ്പത് വർഷത്തിനകമായും റെഗുലേഷൻ നിജപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വർഷം വിജയിക്കാൻ പരമാവധി നാല് തവണ അവസരമായിരിക്കും ലഭിക്കുക. രാജ്യത്തെ മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നീറ്റ് -യു.ജി റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയുള്ള ഏകീകൃത പ്രവേശന കൗൺസലിങ് ഉൾപ്പെടെയുള്ള വ്യവസ്ഥകളും റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.