തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളും അഴിമതിയും. 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും ഏഴ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലും ഏഴ് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫിസുകളിലുമായിരുന്നു ‘ഓപറേഷൻ ബ്ലാക്ക് ബോർഡ്’എന്ന പേരിൽ പരിശോധന.
തിരുവനന്തപുരം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായി കണ്ടെത്തി. എയ്ഡഡ് മേഖലയിലെ അധ്യാപക/അനധ്യാപകരുടെ സർവിസ് ആനൂകൂല്യങ്ങൾ അനുവദിക്കുന്നതിന് ചില ഓഫിസുകളിലെ ഉദ്യോഗസ്ഥർ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലി കൈപ്പറ്റി. കുട്ടനാട് വിദ്യാഭ്യാസ ഓഫിസിൽ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയർ ക്ലർക്കിന്‍റെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്കൂളുകളിലെ ക്ലർക്കുമാർ 77,500 രൂപ നൽകിയതായി കണ്ടെത്തി. ആലപ്പുഴ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥന്‍റെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 1,40,000 രൂപ ലഭിച്ചതിന് വ്യക്തമായ വിശദീകരണം നൽകാൻ സാധിച്ചില്ല.
മലപ്പുറം റീജനൽ ഡെപ്യുട്ടി ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥൻ എയ്ഡഡ് സ്കൂൾ അധ്യാപകനിൽനിന്ന് 2000 രൂപ ഗൂഗിൾ പേ മുഖാന്തിരം വാങ്ങിയതായി കണ്ടെത്തി. പരിശോധനയിൽ അധ്യാപകന്‍റെ ബൈട്രാൻസ്ഫർ അപേക്ഷ പ്രോസസ് ചെയ്യുന്നതിനായുള്ള പ്രതിഫലമായാണ് ഈ പണം കൈപ്പറ്റിയതെന്ന് വിവരം ലഭിച്ചു. കൂടാസ്വതെ ഈ ഉദ്യോഗസഥന്‍റെ തന്നെ ഗൂഗിൾപേ അക്കൗണ്ടിൽ സംശയാസ്പദവും വിശദീകരണം നൽകാൻ കഴിയാത്തതുമായ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി.
മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 4,900 രൂപ പിടിച്ചെടുത്തു. കണ്ണൂർ തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിലെ എയ്ഡഡ് സ്കൂളിൽ അധ്യാപക തസ്തിക നലനിർത്തുന്നതിന് സ്കൂളിൽ പഠിക്കാത്ത മൂന്നു കുട്ടികളെ അഡ്മിഷൻ എടുത്തതായി കാണിച്ച് അറ്റൻഡൻസ് അനുവദിച്ചതായും ഇതിൽ ഒരു കുട്ടി കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയാണെന്നും കണ്ടെത്തി.
തലശ്ശേരി വിദ്യാഭ്യാസ ഓഫിസിന് കീഴിലെ എയ്ഡഡ് സ്കൂളിൽ അധ്യാപക തസ്തിക നിലനിർത്തുന്നതിന് ഒരു ക്ലാസിൽ 28 കുട്ടികൾ പഠിക്കുന്നതായി കാണിച്ച് അറ്റൻഡൻസ് അനുവദിച്ചതായും സ്കൂളിൽ നേരിട്ട് നടത്തിയ പരിശോധനയിൽ ഈ ക്ലാസിൽ ഒമ്പത് കുട്ടികൾ മാത്രമാണ് പഠിക്കുന്നതെന്നും കണ്ടെത്തി.
തുടർപരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഏജന്‍റുമാരായി പ്രവർത്തിക്കുന്ന സർവിസ് കൺസൾട്ടന്‍റുമാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദ പരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.