തിരുവനന്തപുരം: ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കമീഷൻ ബില്ല് നിയമമാകുന്നതോടെ ഏഴ് പതിറ്റാണ്ടായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായി നിൽക്കുന്ന യു.ജി.സിയും സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ പരമോന്നത സംവിധാനമായ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) ഇല്ലാതാകും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഒറ്റ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിൽ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി) നിർദേശിക്കുന്ന ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാൻ ലക്ഷ്യമിടുന്നതാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ല്.
ഉന്നത വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം, അക്രഡിറ്റേഷൻ, ഫണ്ടിങ്, അക്കാദമിക ക്രമീകരണം എന്നീ നാല് ഘടകങ്ങളും ഉന്നത വിദ്യാഭ്യാസ കമീഷന്റെ പരിധിയിലാക്കി മാറ്റാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങൾ നിർവഹിക്കുന്ന കാര്യങ്ങളാണ് ഏകസംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരുന്നത്.
കമീഷന് കീഴിൽ നാല് സ്വതന്ത്ര കൗൺസിൽ സംവിധാനങ്ങളായിട്ടായിരിക്കണം ഇവ പ്രവർത്തിക്കേണ്ടതെന്നാണ് എൻ.ഇ.പി നിർദേശം. നാഷനൽ ഹയർ എജ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ (എൻ.എച്ച്.ഇ.ആർ.സി), നാഷനൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി), ഹയർ എജ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ (എച്ച്.ഇ.ജി.സി), ജനറൽ എജ്യുക്കേഷൻ കൗൺസിൽ (ജി.ഇ.സി) എന്നീ സംവിധാനങ്ങളാണ് കമീഷന് കീഴിൽ നിർദേശിക്കപ്പെട്ടത്.
2018ൽ പൊതുജന ചർച്ചക്കായി ഉന്നത വിദ്യാഭ്യാസ കമീഷൻ ഓഫ് ഇന്ത്യ ബില്ലിന്റെ കരട് പുറത്തിറക്കിയിരുന്നെങ്കിലും അതിൽ തുടർനടപടികളുണ്ടായിരുന്നില്ല. എന്നാൽ 2020ലെ എൻ.ഇ.പി നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഏകീകൃത നിയന്ത്രണ സംവിധാനത്തിനുള്ള പുതിയ നിയമത്തിനായി നീക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.