ന്യൂഡൽഹി: കോളജ് അധ്യാപക തസ്തികകളിലേക്ക് ദേശീയ യോഗ്യത പരീക്ഷയായ നെറ്റ് നിർബന്ധമില്ലെന്ന് യു.ജി.സി ഈയിടെ പുറത്തിറക്കിയ കരട് മാർഗനിർദേശത്തിൽ പറയുന്നതായ വാർത്തയിലെ ആശയക്കുഴപ്പം നീക്കി ചെയർമാൻ എം. ജഗദീഷ് കുമാർ. യു.ജി.സി നെറ്റ് ഇനി ആവശ്യമില്ലെന്ന് പ്രചരിക്കുന്ന വ്യാഖ്യാനം കൃത്യമല്ലെന്ന് ചെയർമാൻ എക്സിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.
ബിരുദാനന്തര ബിരുദം മാത്രമുള്ള ഉദ്യോഗാർഥികൾക്ക് യു.ജി.സി-നെറ്റ് യോഗ്യതയില്ലാതെ അസി. പ്രഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാമെന്ന റിപ്പോർട്ട് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫഷനൽ ഇതര പ്രോഗ്രാമുകളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് നെറ്റ് ആവശ്യമാണ്. എന്നാൽ എൻജിനീയറിങ്, ടെക്നോളജി തുടങ്ങിയ പ്രഫഷനൽ പ്രോഗ്രാമുകളിൽ എം.ഇ, എം.ടെക് മാസ്റ്റേഴ്സ് ബിരുദമുണ്ടെങ്കിൽ അസി. പ്രഫസറാകാൻ യു.ജി.സി നെറ്റ് യോഗ്യത ആവശ്യമില്ല.
എന്നാൽ ആർട്സ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ സോഷ്യൽ സയൻസസ് പോലുള്ള നോൺ പ്രഫഷനൽ പ്രോഗ്രാമുകളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്, അസി. പ്രഫസറാകാൻ െനറ്റ് നിർബന്ധമാണെന്ന് യു.ജി.സി ചെയർമാൻ പറഞ്ഞു. ഉദ്യോഗാർഥികൾ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടുകയും അധ്യാപക യോഗ്യത പരീക്ഷ ജയിക്കുകയും വേണം. എന്നാൽ ഏതെങ്കിലും വിഷയത്തിൽ പിഎച്ച്.ഡി ഉള്ളവരെ നെറ്റ് ഇല്ലാതെ തന്നെ അധ്യാപകരായി നിയമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.