ന്യൂഡൽഹി: കോളജുകളിൽനിന്ന് ലഭിച്ച സ്റ്റൈപ്പൻഡ് വിശദാംശങ്ങളോ കാരണം കാണിക്കൽ നോട്ടീസ് നൽകിയ കോളജുകൾക്കെതിരെ സ്വീകരിച്ച നടപടികളോ വെളിപ്പെടുത്താൻ വിസമ്മതിച്ച് ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). കേരളത്തിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ കെ.വി ബാബു നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കമീഷന്റെ മൗനം.
ബിരുദ ഇന്റേണുകൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും നൽകിയ സ്റ്റൈപ്പന്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാത്തതിന് 115 സർക്കാർ, 83 സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് 2024 നവംബർ 28ന് മൂന്ന് ദിവസത്തെ സമയപരിധിയോടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഫലങ്ങൾ വെളിപ്പെടുത്താനാണ് ഇന്ത്യയുടെ അപെക്സ് മെഡിക്കൽ റെഗുലേറ്ററി അതോറിറ്റി വിസമ്മതിച്ചത്.
ഈ വിഷയം എൻ.എം.സിയുടെ നിയമ വിഭാഗമായ യു.ജി.എം.ഇ.ബി (അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ്) യിലേക്ക് എടുത്തിട്ടുണ്ടെന്ന’ എവിടെയും തൊടാത്ത മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് ഡോ. ബാബുവിന് എൻ.എം.സി മറുപടി നൽകി.
‘എന്തുകൊണ്ടാണ് കോളജുകൾ നൽകുന്ന സ്റ്റൈപ്പൻഡുകൾ വെളിപ്പെടുത്താൻ എൻ.എം.സി ആഗ്രഹിക്കാത്തത്? പ്രത്യേകിച്ചും സ്റ്റൈപ്പന്റുകളെ നിയന്ത്രിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ കോളജുകൾ ബാധ്യസ്ഥരായിരിക്കുമ്പോൾ’- 2019 മുതൽ സർക്കാർ,സ്വകാര്യ കോളജുകൾ സ്റ്റൈപ്പന്റ് നൽകുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തങ്ങൾ നടത്തുന്ന ഡോ. ബാബു ചോദിക്കുന്നു.
ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജ്, അടൽ ബിഹാരി വാജ്‌പേയി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊൽക്കത്തയിലെ ഗവൺമെന്റ് മെഡിക്കൽ കോളജ്, ബരാസത്ത് ഗവൺമെന്റ് മെഡിക്കൽ കോളജ് എന്നിവ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കോളജുകളിൽ ഉൾപ്പെടുന്നു.
ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശപ്രകാരം എൻ.എം.സി 2023ൽ കോളേജുകളിൽ നിന്നുള്ള സ്റ്റൈപ്പന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിരുന്നു. അപര്യാപ്തമായ സ്റ്റൈപ്പൻഡുകളെകുറിച്ച് മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് എൻ.എച്ച്.ആർ.സിക്ക് പരാതികൾ ലഭിച്ചിരുന്നു
ചില സർക്കാർ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും താമസക്കാർക്കും 50,000 മുതൽ 1,00,000 രൂപ വരെ സ്‌റ്റൈപ്പൻഡായി ലഭിച്ചേക്കാം. എന്നാലിത് വളരെ കുറവോ തീരെ ഇല്ലാത്ത അവസ്ഥയോ ആണ് ചില സ്വകാര്യ കോളജുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.