മുംബൈ: ഈ വർഷത്തെ മഹാരാഷ്ട്ര പത്താം ക്ലാസ് പരീക്ഷയിൽ മറാഠി ഒന്നാം ഭാഷാ പേപ്പറിൽ പരാജയപ്പെട്ടത് 80,000-ത്തിലധികം വിദ്യാർഥികൾ. വിദ്യാലയങ്ങളിലും ദൈനംദിന ജീവിതത്തിലും പ്രാദേശിക ഭാഷകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ വരുന്ന മാറ്റമാണ് തോൽവി സൂചിപ്പിക്കുന്നതെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ വിലയിരുത്തൽ.
മറാഠി ഒന്നാം ഭാഷയായി എടുത്ത 80,803 വിദ്യാർഥികളാണ് ഈ വിഷയത്തിൽ പരാജയപ്പെട്ടത്. അതേസമയം, പരീക്ഷ എഴുതിയ 10,98,623 വിദ്യാർഥികളിൽ 10,06,896 പേർ വിജയിച്ചു. മറാഠി രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി തിരഞ്ഞെടുത്ത 4,13,917 വിദ്യാർഥികളിൽ 13,741 പേരും പരാജയപ്പെട്ടു. ചുരുക്കത്തിൽ, വിവിധ വിഭാഗങ്ങളിലായി ആകെ 94,544 വിദ്യാർഥികളാണ് മറാഠി ഭാഷാ വിഷയങ്ങളിൽ തോറ്റത്.
മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷയായ മറാഠിയിൽ ഇത്രയധികം വിദ്യാർഥികൾ പരാജയപ്പെടുന്നത് വെറുമൊരു അക്കാദമിക് പ്രശ്നമായല്ല വിദഗ്ധർ കാണുന്നത്. നഗരവൽക്കരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവും മറാഠി ഭാഷയുമായുള്ള കുട്ടികളുടെ സമ്പർക്കം കുറച്ചു. വീടുകളിൽ പോലും ആശയവിനിമയത്തിന് ഇംഗ്ലീഷും ഹിന്ദിയും കൂടുതൽ ഉപയോഗിക്കപ്പെടുന്നു. ഒപ്പം, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഭാഷാ വിഷയങ്ങൾക്ക് വിദ്യാർഥികൾ നൽകുന്നില്ലെന്ന് അധ്യാപകർ പറയുന്നു. ഭാഷാ പഠനം സാഹിത്യത്തോടും സംസ്‌കാരത്തോടും ബന്ധിപ്പിക്കുന്നതിന് പകരം വെറും പരീക്ഷാ കേന്ദ്രീകൃതമായി മാറിയെന്ന് വിമർശനമുണ്ട്. മറാഠി ഭാഷയ്ക്ക് കേന്ദ്രസർക്കാർ അടുത്തിടെ ശ്രേഷ്ഠ ഭാഷാ പദവി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.