പ്രതീകാത്മക ചിത്രം
എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേതടക്കം എം.സി.സി-നീറ്റ് യു.ജി മൂന്നാംഘട്ട അലോട്ട്മെന്റ് ഒക്ടോബർ 11ന് പ്രസിദ്ധപ്പെടുത്തും. ഒമ്പതിന് രാത്രി 11.55 മണിവരെ നൽകിയ ചോയിസുകൾ പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്. ഇതുസംബന്ധിച്ച പരിഷ്കരിച്ച ഷെഡ്യൂളുകൾ www.mcc.nic.inൽ ലഭ്യമാണ്.
മൂന്നാംഘട്ടം അലോട്ട്മെന്റ് ലഭിക്കുന്ന കോളജിൽ ഒക്ടോബർ 13 മുതൽ 21 വരെ നേരിട്ട് റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. പ്രവേശന നടപടിക്രമങ്ങളടങ്ങിയ കൗൺസലിങ് ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്ട്രേവേക്കൻസി റൗണ്ടിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 24ന് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. 28ന് രാത്രി 11.55നകം ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. ഒക്ടോബർ 31ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. നവംബർ ഒന്നിനും ഏഴിനും മധ്യേ പ്രവേശനം നേടാം.
സംസ്ഥാനതല മൂന്നാംഘട്ട പ്രവേശനം: അതേസമയം കേരളത്തിലെ സർക്കാർ/സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതിനും ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിച്ച് ആവശ്യമില്ലാത്തവ റദ്ദുചെയ്യുന്നതിനുമുള്ള സൗകര്യം www.cee.kerala.inൽ ഒക്ടോബർ 14ന് രാവിലെ 11 വരെ നൽകിയിട്ടുണ്ട്. മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം ലഭിച്ചവരും ഓപ്ഷൻ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരും മൂന്നാംഘട്ട അലോട്ട്മെന്റുമായി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ഇനി ഓപ്ഷൻ കൺഫർമേഷൻ നൽകിയിട്ടില്ലെങ്കിലും നേടിയ പ്രവേശനം നിലനിൽക്കും.
പാലക്കാട്ടെ, കേരള മെഡിക്കൽ കോളജിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. (ജനറൽ വിഭാഗത്തിലുള്ളവർ 8,10,175 രൂപയും എൻ.ആർ.ഐ വിഭാഗക്കാർ 22,74,006 രൂപയുമാണ് (താൽക്കാലികം) വാർഷിക ഫീസായി നൽകേണ്ടിവരിക).
ഒക്ടോബർ 14ന് രാവിലെ 11 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 15ന് താൽക്കാലികവും 16ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധപ്പെടുത്തും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഒക്ടോബർ 17 മുതൽ 22ന് വൈകീട്ട് 4 മണിവരെ പ്രവേശനം നേടാവുന്നതാണ്.
ടോക്കൺ ഫീസ്: അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ച ഫീസ് തുക സ്വാശ്രയ മെഡിക്കൽ കോളജിൽ സീറ്റ് ലഭിക്കുന്നവർ അതത് കോളജിലും സർക്കാർ മെഡിക്കൽ കോളജിൽ സീറ്റ് ലഭിക്കുന്നവർ പ്രവേശന പരീക്ഷ കമീഷണർക്കും അടയ്ക്കണം.
എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപെട്ട വിദ്യാർഥികൾ/ഫീസാനുകൂല്യത്തിന് അർഹതപ്പെട്ട വിദ്യാർഥികൾ, ശ്രീചിത്രാ ഹോം, ജുവനൈൽഹോം, നിർഭയ ഹോം വിദ്യാർഥികൾ ടോക്കൺ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ, പ്രസ്തുത വിഭാഗക്കാർ സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ഫീസിളവിന് അർഹരല്ല. എം.സി.സി അഖിലേന്ത്യ ക്വോട്ടയിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരെ അയോഗ്യരാക്കണമെന്ന് നിർദേശിക്കുന്ന പക്ഷം സംസ്ഥാനതല അലോട്ട്മെന്റിന് പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ 0471 2332120, 2338487.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.