ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷന്റെ (സി.ബി.എസ്.ഇ) പുതിയ ത്രിഭാഷാ നയത്തിന്റെ ഭാഗമായി രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സംസ്കൃതം പഠനം നിർബന്ധമാക്കാനുള്ള നടപടികൾ ആരംഭിച്ചു. 2026-27 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറ്, ഒമ്പത് ക്ലാസുകളിൽ കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിബന്ധന.
സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ പ്രകാരം, 2026 ജൂലൈ ഒന്ന് മുതൽ ഒമ്പതാം ക്ലാസിൽ മൂന്ന് ഭാഷകൾ (ആർ1, ആർ2, ആർ3) പഠിക്കുന്നത് നിർബന്ധമാണ്. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കും രണ്ട് ഇന്ത്യൻ ഭാഷകൾ നിർബന്ധമായിരിക്കും. ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമെ, സംസ്കൃതമോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം മൂന്നാം ഭാഷയായി തിരഞ്ഞെടുക്കേണ്ടത്.
‘വിദ്യാർഥികൾക്ക് അവരുടെ മുൻഗണന അനുസരിച്ച് സംസ്കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലം മാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പഠനം സുഗമമാക്കുന്നതിനായി എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു സംസ്കൃത വിഭാഗമെങ്കിലും ഉണ്ടായിരിക്കണമെന്ന് മാത്രമാണ് നിബന്ധന’ -മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്‌കൃതത്തിനും പ്രാദേശിക ഭാഷകൾക്കും വേണ്ടിയുള്ള വിദ്യാർഥികളുടെ മുൻഗണനകൾ സമാഗം പോർട്ടലിൽ വെവ്വേറെ അപ്‌ലോഡ് ചെയ്യാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ തലത്തിൽ സ്റ്റാഫിങ്, സെക്ഷൻ ആവശ്യകതകൾ പുനർനിർണയിക്കുന്നതിന് ഈ ഡാറ്റ ഉപയോഗിക്കും.
സെക്ഷനുകൾ തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയാണ്.
ഈ മാറ്റം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. എന്നാൽ ഒൻപതാം ക്ലാസിൽ പുതിയ ഭാഷ പഠിക്കേണ്ടി വരുന്നത് വിദ്യാർഥികൾക്ക് അധിക പഠനഭാരം സൃഷ്ടിക്കുമെന്ന ആശങ്ക മാതാപിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും ഉയർത്തിയിട്ടുണ്ട്.
അതേസമയം, മൂന്നാം ഭാഷക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ലെന്നും മൂല്യനിർണയം സ്കൂൾ തലത്തിൽ മാത്രമായിരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. വിദ്യാർഥികൾക്ക് അനാവശ്യ സമ്മർദ്ദം ഉണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണമെന്നും ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.