തിരുവനന്തപുരം: നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നു. നാലാഴ്ച ദൈര്‍ഘ്യമുള്ള 'എ.ഐ എസന്‍ഷ്യല്‍സ്' എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ ഓരോ ഇരുപതു പേര്‍ക്കും പ്രത്യേക മെന്റര്‍മാര്‍ ഉണ്ടായിരിക്കും. കോഴ്സിന്റെ ഭാഗമായി വിഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.
ഓഫിസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോണ്‍സിബിള്‍ എ.ഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകൽപന.
നേരത്തെ 80,000 സ്കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്സ്. അരലക്ഷത്തിലധികം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ കൂള്‍ പ്ലാറ്റ്ഫോമിലാണ് പരിശീലനം. 20 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരെയാണ് ഒന്നാം ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. ജി.എസ്.ടി ഉള്‍പ്പെടെ 2360 രൂപ രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈനായി ഫീസ് അടക്കണം. ക്ലാസുകള്‍ മാര്‍ച്ച് 10 ന് ആരംഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.