തിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നതിൽ കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് മാർക്ക് കുറയുന്ന പ്രവണത സംബന്ധിച്ച പരാതികളിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തിയതാണ് സർക്കാറിന് തിരിച്ചടിയായത്. കഴിഞ്ഞ വർഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പരാതി വ്യാപകമായതോടെ മാർക്ക് ഏകീകരണ രീതി സംബന്ധിച്ച് പരിശോധന കമ്മിറ്റിയെ നിയോഗിച്ച് പഠിക്കണമെന്ന് പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് കത്ത് നൽകിയിരുന്നു.
എന്നാൽ, ഇതിൽ തുടർനടപടി ഏറെ വൈകി. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷം ഒരു മാസത്തോളം കഴിഞ്ഞ് ഏപ്രിൽ ഒമ്പതിനാണ് വിദഗ്ധ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കിയത്.
വിവിധ പരീക്ഷ ബോർഡുകളുടെ പരീക്ഷാഫലം സംബന്ധിച്ച ഡേറ്റകൾ വിശകലനം ചെയ്തു മാത്രമേ നിർദേശങ്ങൾ സമർപ്പിക്കാനാകൂ എന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമായിരുന്നു സമിതിയുടെ നിലപാട്. സമിതി അഞ്ച് ബദൽ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ജൂൺ രണ്ടിന് സമർപ്പിച്ചപ്പോഴേക്കും എൻജിനീയറിങ് പ്രവേശന പരീക്ഷ പൂർത്തിയാക്കി സ്കോർ പ്രസിദ്ധീകരിച്ചിരുന്നു.
മേയ് 14ന് സ്കോർ പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് പിന്നെയും ഒന്നര മാസം കഴിഞ്ഞ് ജൂലൈ ഒന്നിനാണ്. ജൂൺ 30ന് പ്രത്യേക മന്ത്രിസഭ യോഗം ചേർന്നാണ് പ്രോസ്പെക്ടസ് ഭേദഗതി അംഗീകരിച്ചത്. ജൂലൈ ഒന്നിന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും അന്ന് തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതി വസ്തുതാപരമെന്ന് കണ്ടെത്തിയിട്ടും പരിഹാര നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കോടതി ഇടപെടലിലേക്കും അതുവഴി പ്രവേശന നടപടികൾ പ്രതിസന്ധിയിലാകുന്നതിലേക്കും എത്തിച്ചത്.
സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച കാരണം വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. പ്രോസ്പെക്ടസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കുമെന്ന വ്യവസ്ഥ സീമ സെബാസ്റ്റ്യൻ -സ്റ്റേറ്റ് ഓഫ് കേരള കേസിലെ വിധി ഭാഗം ഉദ്ധരിച്ച് കോടതി തള്ളിക്കളയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.