പ്രതീകാത്മക ചിത്രം

വിദേശ വിദ്യാർഥികൾക്ക് പഠനമൊരുക്കാൻ സർക്കാർ; സ്കോളർഷിപ്പും ഫെലോഷിപ്പുകളും നൽകും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെയും അന്യ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളെ കേരളത്തിൽ കോളേജ് പഠനത്തിനെത്തിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സർക്കാർ സ്പോൺസർഷിപ്പിൽ വിദ്യാർഥികളെ കേരളത്തിൽ പഠനത്തിനെത്തിക്കുന്നതിനായി ‘ലോകം കേരളത്തിലെ കാമ്പസിലേക്ക്’ പദ്ധതിയാണ് നടപ്പാക്കുക. കാമ്പസുകൾ കൂടുതൽ ചലനാത്മകവും വൈവിധ്യമുള്ളതും ആക്കുക എന്നതാണ് ലക്ഷ്യം.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രണ്ടു പേരെ വീതവും പത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് 25 ഉം വിദ്യാർഥികളെ ആദ്യ ഘട്ടത്തിൽ എത്തിക്കും. ഇവർക്ക് സർക്കാർ സ്കോളർഷിപ്പും ഫെലോഷിപ്പുകളും നൽകും. ഫെലോഷിപ്പ് തുക നിശ്ചയിച്ചിട്ടില്ല. അന്താരാഷ്ട്ര മാതൃകയിലായിരിക്കും വിദ്യാർഥികളെ തിരഞ്ഞെടുക്കുക. ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയാറാക്കിയ പദ്ധതിക്ക് സർക്കാർ ഉടൻ ഭരണാനുമതി നൽകുമെന്നാണ് വിവരം.

വിദേശ വിദ്യാർഥികൾക്കായി സർവകലാശാലാ കാമ്പസുകളിലും അന്യസംസ്ഥാനക്കാർക്കായി സർക്കാർ, എയ്ഡഡ് കോളജുകളിലും സീറ്റുകൾ സൃഷ്ടിക്കും. ആദ്യഘട്ടത്തിൽ പി.ജി. കോഴ്‌സുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത അധ്യയനവർഷം മുതലാകും ഇതു നടപ്പാക്കുകയെങ്കിലും സർവകലാശാല അധികൃതർ, മറ്റു സംസ്ഥാന സർക്കാരുകൾ, അവിടത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലുകൾ എന്നിവയുമായുള്ള ചർച്ചകൾ വേഗത്തിലാക്കും. അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാവും ആദ്യ ഘട്ടത്തിലെത്തിക്കുക. മറ്റു സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതിയുണ്ടെങ്കിൽ കേരളത്തിലെ വിദ്യാർഥികൾക്ക് അവിടെയും പഠിക്കാൻ അവസരമൊരുങ്ങുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. 

Tags:    
News Summary - Kerala Government to Offer Free Higher Education for Foreign Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.