ഗുണന പട്ടികയോ പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ ഓർത്തുവെക്കാൻ നിങ്ങളുടെ കുട്ടികൾ പ്രയാസപ്പെടുന്നുണ്ടോ? അവരുടെ ഓർമശക്തി വർധിപ്പിക്കാനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. കുട്ടികളുടെ പഠന യാത്രയിൽ ഏറ്റവും അനിവാര്യമായ ഒന്നാണ് ഓർമശക്തി. ഓർമശക്തി ജനിതകവുമായി ബന്ധപ്പെട്ടതല്ല. കുട്ടിക്കാലത്ത് തലച്ചോർ ഏറ്റവും നന്നായി പ്രവർത്തിക്കുമെന്നും ദൈനംദിന കാര്യങ്ങളിൽ നിന്ന് പഠിച്ചെടുക്കാനുള്ള കഴിവ് കുട്ടിയുടെ കഴിവിനെ വർധിപ്പിക്കുമെന്നുമാണ് ന്യൂറോ സയന്റിസ്റ്റുകൾ പറയുന്നത്.
കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാൻ വിലകൂടിയ സപ്ലിമെന്റുകളുടെയോ ട്യൂഷന്റെയോ ആവശ്യമില്ല. ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, തലച്ചോറിനെ പോഷിപ്പിക്കുന്ന പോഷകങ്ങൾ എന്നിവ പോലെയുള്ള ലളിതവും ശാസ്ത്രീയവുമായി ചില മാർഗങ്ങളിലൂടെ അത് സാധിക്കും.
കുട്ടികുടെ ഓർമ ശക്തി വർധിപ്പിക്കാൻ ശാസ്ത്രീയ പിന്തുണയുള്ള നാലു മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കുഞ്ഞുങ്ങൾ ഉറങ്ങുമ്പോളാണ് ഓർമശക്തിയുടെ ഏകീകരണം നടക്കുന്നത്.
പകൽ സമയത്ത് രൂപപ്പെടുന്ന നാഡീ ബന്ധങ്ങളെ ഉറക്കം ശക്തിപ്പെടുത്തുമെന്നും കുറച്ചുകാലത്തേക്ക് മാത്രമുള്ള പാഠങ്ങളെ ഭാവിയിലേക്ക് കൂടിയുള്ള അറിവുകളാക്കി മാറ്റുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ രാത്രി 9-11 മണിക്കൂർ ഉറങ്ങാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറക്കം ലഭിക്കുന്ന കുട്ടികളിൽ കുട്ടികളിൽ മതിയായ ഉറക്കം കിട്ടാത്ത കുട്ടികളേക്കാൾ ഓർമ ശക്തി നിലനിൽക്കുന്നതായി 2013ൽ ദ ജേണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.
പഠനകുറിപ്പുകൾ ആവർത്തിച്ച് വായിച്ചത് കൊണ്ട് ഓർമശക്തി നിലനിൽക്കണമെന്നില്ല. രസകരമായ കളിയിലൂടെ കുട്ടികളുടെ ഓർമശക്തി പരിശോധിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. അവർ പഠിച്ചുകഴിഞ്ഞാൽ പുസ്തകം അടച്ചുവെച്ച് ക്വിസ് പോലെ ചോദ്യങ്ങൾ ചോദിക്കാം. പുസ്തകം ആവർത്തിച്ച് പഠിക്കുന്ന വിദ്യാർഥികളേക്കാൾ ഇങ്ങനെയുള്ളവരിലാണ് ഓർമശക്തി കൂടുതലെന്ന് 2008ൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
ശാരീരിക പ്രവർത്തനങ്ങൾ മസിലുകളുടെ ആരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഔഷധം കൂടിയാണ് അത്. വീടിന് പുറത്ത് കളിക്കുന്നതും മറ്റ് കായിക പ്രവർത്തനങ്ങളും എന്തിന് ഓട്ടം, നടത്തം പോലെ 20 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഏതുതരം ശാരീരിക പ്രവർത്തനങ്ങളും കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കും. ഒരു ശാരീരിക അധ്വാനവുമില്ലാതെ പുസ്തകപ്പുഴുക്കളായി മാറുന്ന കുട്ടികൾക്ക് ഓർമശക്തി കുറവായിരിക്കും. എയറോബിക്സ് പോലുള്ള ശാരീരിക വ്യായാമങ്ങൾ തലച്ചോറിലെ ഓർമശക്തിയുടെ ഹബ് ആയ ഹിപ്പോകാംപസിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുമെന്നാണ് 201ൽ ന്യൂറോസയൻസ് ആൻഡ് ബിഹേവിയറൽ റിവ്യൂസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത്.
ഭക്ഷണം തലച്ചോറിനെ നേരിട്ട് ബാധിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യത്തിലും നട്സുകളിലും വിത്തുകളിലും അടങ്ങിയിരിക്കുന ഒമേഗ-3 ഫാറ്റി ആസിഡുകൾ കുട്ടികളിലും മുതിർന്നവരിലും ഓർമശക്തി വർധിപ്പിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷനിൽ 2016ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ദിവസവുള്ള ആഹാരത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.