ഹയർ സെക്കൻഡറി ഓൺലൈൻ പഠനം: മാർഗനിർദേശങ്ങളില്ലാത്തത് അനിശ്ചിതത്വം

പെരിന്തൽമണ്ണ: അധ്യയനവർഷം പകുതി പിന്നിടുമ്പോഴും പൊതുപരീക്ഷകൾ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ ഓൺലൈൻ പഠനത്തിന് വ്യക്തമായ മാർഗനിർദേശങ്ങളില്ലാത്തത് അനിശ്ചതത്വത്തിനിടയാക്കുന്നു. ദേശീയതലത്തിൽ 12ാം ക്ലാസ് പാഠഭാഗങ്ങൾ ക്രമീകരിച്ച് ഉത്തരവായിട്ടുണ്ട്.

കേരളത്തിൽ ഇത്തരം നീക്കവുമുണ്ടായിട്ടില്ല. അക്കാദമിക ക്രമീകരണങ്ങൾക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും പരീക്ഷാകാര്യത്തിലും സിലബസ് ചുരുക്കുന്നതിനും വകുപ്പിനായിട്ടില്ല.

വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ പഠനം പല വിഷയങ്ങളിലും ഏറെ പിന്നിലാണ്. 46 വിഷയ കോമ്പിനേഷനുകളും അമ്പതിലധികം വിഷയങ്ങളുമുണ്ട്. പല വിഷയങ്ങളുടെയും ഓൺലൈൻ ക്ലാസുകളായിട്ടില്ല. ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സൈക്കോളജി, ഹോം സയൻസ്, ഗാന്ധിയൻ സ്​റ്റഡീസ് തുടങ്ങിയവ കഴിഞ്ഞ ദിവസം മാത്രമാണ് ആരംഭിച്ചത്‌.

സിലബസിൽ തീരുമാനമെടുക്കാത്തതാണ് അനിശ്ചിതത്വം. വിക്ടേഴ്സ് ചാനൽ വഴി ഒരുദിവസം രണ്ടുമണിക്കൂറിൽ നാലോ അഞ്ചോ വിഷയങ്ങളാണ് ക്ലാസ്. നവംബർ രണ്ട് മുതൽ പ്ലസ് വൺ കൂടി ആരംഭിക്കുന്നതോടെ ക്ലാസ് സമയം വീണ്ടും കുറയും. ഈ ചുരുങ്ങിയ സമയമുപയോഗിച്ച് ഹയർ സെക്കൻഡറിയിലെ കൂടിയ സിലബസ് പൂർത്തിയാക്കാനാവില്ല. ജില്ലതലത്തിൽ പ്രിൻസിപ്പൽമാർക്ക് അനൗദ്യോഗികമായാണ് സന്ദേശങ്ങൾ വരുന്നത്.

സംസ്ഥാനമൊട്ടാകെ നൽകേണ്ടതിനു പകരം മേഖല ഉപമേധാവികളുടെ ഓഫിസ് കേന്ദ്രീകരിച്ച് വാട്സ്ആപ് സന്ദേശങ്ങളിറക്കുകയാണ്. അക്കാദമിക നിർദേശങ്ങൾ ഔദ്യോഗിക പോർട്ടൽ വഴി നൽകാതെ ബ്ലോക്ക് റിസോഴ്സ് സെൻററുകൾ വഴി ഉയർന്ന ഉദ്യോഗസ്ഥരായ പ്രിൻസിപ്പൽമാർക്ക് ഉത്തരവിടുന്നതിലും നീരസമുണ്ട്.

ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് സ്കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ ആവശ്യപ്പെട്ടു. ചർച്ച നടത്തി ക്രിയാത്മക സമീപനങ്ങൾ കൈക്കൊള്ളാൻ വകുപ്പ് തയാറാവണമെന്നും അക്കാദമിക കാര്യങ്ങളിൽ അർഹതയില്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും എച്ച്.എസ്.എസ്.ടി.എ നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. യോഗം ടി. വിജയൻ ഉദ്ഘാടനം ചെയ്തു.

ടി.എസ്. ഡാനിഷ്, റോയിച്ചൻ ഡൊമനിക്, അബൂബക്കർ സിദ്ദീഖ്, ഡോ. വി. അബ്​ദുസ്സമദ്, വി.ടി. കൃഷ്ണൻ, കെ. മുഹമ്മദ് റസാഖ്, കെ. ജിതേഷ്, പ്രശാന്ത്, കെ.പി. മുഹമ്മദ് ഷെരീഫ്, രാജേഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Higher Secondary Online classes: no guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.