കൊച്ചി: ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ (ഇഗ്നോ) നിന്നുള്ള ബിരുദങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹൈകോടതി. യു.ജി.സി അംഗീകൃത കേന്ദ്ര സർവകലാശാലയാണ് ഇഗ്നോയെന്നതിനാൽ തുല്യത സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്ന് ജസ്റ്റിസ് ഡി.കെ. സിങ് വ്യക്തമാക്കി.
പരീക്ഷ വിജയിച്ചെങ്കിലും തുല്യത സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ‘സെറ്റ്’ സർട്ടിഫിക്കറ്റ് നൽകാത്ത എൽ.ബി.എസ് സെന്റർ നടപടി ചോദ്യംചെയ്ത് മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സെറ്റ് സർട്ടിഫിക്കറ്റ് ഉടൻ നൽകാനും നിർദേശിച്ചു.
ഇഗ്നോയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ഹരജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലി ചെയ്യുകയാണ്. 2021ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർ സെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷ യോഗ്യതയും നേടി.
എന്നാൽ, ഇഗ്നോയുടെ പി.ജി സർട്ടിഫിക്കറ്റിന് സംസ്ഥാന സർവകലാശാലകളുടെ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നായിരുന്നു സെറ്റ് സർട്ടിഫിക്കറ്റ് നൽകാത്തതിന് കാരണമായി എൽ.ബി.എസ് സെന്റർ അറിയിച്ചത്. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.