കൊച്ചി: ലക്ഷദ്വീപിൽ പ്രാദേശിക ഭാഷയായ മഹൽ, അറബി ഭാഷകളെ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. അതേസമയം, ലക്ഷദ്വീപിൽ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒമ്പതിന് ഭാഷ വിഷയങ്ങളുടെ സിലബസ് പരിഷ്കരണം നടപ്പാക്കില്ലെന്ന കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇതുസംബന്ധിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മേയ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ലക്ഷദ്വീപ് സ്വദേശി പി.ഐ. അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
അറബിയും മഹൽ ഭാഷയും സിലബസിൽനിന്ന് ഒഴിവാക്കി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കിയായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. 70 വർഷത്തോളമായി നിലനിൽക്കുന്ന സംവിധാനത്തെയാണ് സിലബസ് മാറ്റം സംബന്ധിച്ച ഉത്തരവിലൂടെ അലോസരപ്പെടുത്തുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ 2020ലെയും 2023ലെയും വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായെന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നോയെന്നും എന്തെങ്കിലും പഠനം നടത്തിയിരുന്നോയെന്നും കോടതി ആരാഞ്ഞിരുന്നു. എങ്കിൽ പഠന റിപ്പോർട്ടിന്റെയോ ചർച്ച നടത്തിയ രേഖകളുടെയോ പകർപ്പും കക്ഷികൾക്ക് നോട്ടീസ് പോലും നൽകാതെ ലക്ഷദ്വീപിലെ ഭാഷ പഠനത്തിൽ മാറ്റംവരുത്താനുള്ള അനിവാര്യത എന്തായിരുന്നുവെന്നത് സംബന്ധിച്ച വിശദീകരണവും നൽകാൻ കോടതി നിർദേശിച്ചിരുന്നു.
വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ വിദ്യാഭ്യാസ നയം സംബന്ധിച്ച രേഖകളാണ് അഡ്മിനിസ്ട്രേഷൻ ഹാജരാക്കിയത്.
ജൂൺ ഒമ്പതിന് അധ്യയന വർഷം ആരംഭിക്കുന്നതിനാൽ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ വിഷയത്തിലെ ഗൗരവവും അടിയന്തരാവശ്യവും പരിഗണിച്ച കോടതി മറ്റൊരു ഉത്തരവുണ്ടാകുംവരെ സിലബസ് പരിഷ്കരണം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിന് പിന്നാലെ സിലബസ് മാറ്റം ഒമ്പതിന് തുടങ്ങുന്നില്ലെന്നും ജൂലൈ ഒന്നുമുതൽ മാത്രമേ നടപ്പാക്കൂവെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.