തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ അടുത്ത വർഷം ആരംഭിക്കുന്ന നാലു വർഷ ബിരുദ കോഴ്സുകൾ കാലയളവിന് മുമ്പ് പൂർത്തിയാക്കാനും അവസരം. നാലു വർഷ ഓണേഴ്സ് ബിരുദ കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർഥി നേടേണ്ടത് 177 ക്രെഡിറ്റുകളാണ്. മൂന്നു വർഷത്തിനുശേഷം എപ്പോഴാണോ വിദ്യാർഥി 177 ക്രെഡിറ്റ് നേടുന്നത്, ആ സമയത്ത് ഓണേഴ്സ് ബിരുദം നേടി വിദ്യാർഥിക്ക് പുറത്തുപോകാൻ കഴിയുന്ന രീതിയിലാണ് പുതിയ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ചർച്ചയിൽ വിഷയം അവതരിപ്പിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെൽ റിസർച് ഓഫിസർ ഡോ.വി. ഷെഫീഖ് പറഞ്ഞു.
സമയപരിധിക്ക് പകരം ക്രെഡിറ്റിന് പ്രധാന്യം നൽകുന്ന രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്യുന്നത്. നാലു വർഷ കോഴ്സിന് ചേരുന്ന വിദ്യാർഥിക്ക് മൂന്നാം വർഷത്തിൽ 133 ക്രെഡിറ്റ് നേടി നിലവിലെ രീതിയിൽ ബിരുദം നേടി പുറത്തുപോകാൻ അവസരമുണ്ട്. കൂടുതൽ ഗവേഷണാത്മക പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നാലാം വർഷം പഠനം തുടർന്ന് 177 ക്രെഡിറ്റ് ആർജിച്ചാൽ ഓണേഴ്സ് ബിരുദം നേടാം. എൻ.സി.സി, എൻ.എസ്.എസ് പ്രവർത്തനങ്ങളും കോഴ്സിന്റെ ഭാഗമാകും. ഇവക്കായി ആറു മണിക്കൂർ ചെലവഴിച്ചാൽ ഒരു ക്രെഡിറ്റ് നേടാനാകും.
മൊത്തം നേടേണ്ട ക്രെഡിറ്റിൽ പകുതി ഏതു വിഷയ മേഖലയിലാണോ ലഭിക്കുന്നത് അതിൽ വിദ്യാർഥിക്ക് മേജർ ബിരുദവും 25 ശതമാനം ക്രെഡിറ്റ് നേടുന്ന വിഷയത്തിൽ മൈനർ ബിരുദവും ലഭിക്കും. 15 മണിക്കൂർ നേരിട്ടുള്ള ക്ലാസിൽ ഹാജരാവുകയും 30 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ (പ്രാക്ടിക്കൽ ഉൾപ്പെടെ) വ്യാപൃതരാവുകയും ചെയ്യുമ്പോഴാണ് ഒരു ക്രെഡിറ്റിന് അർഹത നേടുന്നതെന്നും നാലു വർഷ കോഴ്സ് സംബന്ധിച്ച അവതരണം നടത്തിയ ഡോ. ഷെഫീഖ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.