ഇന്ത്യയിലെ 26 ദേശീയ നിയമ സർവകലാശാലകൾ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ ഡിഗ്രി, ഏകവർഷ എൽ.എൽ.എം ഡിഗ്രി കോഴ്സുകളിലേക്കുള്ള പൊതു നിയമ പ്രവേശന പരീക്ഷ (ക്ലാറ്റ് 2026)ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ ഏഴ് രാത്രി 11:59വരെ അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in. വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് അവരുടെ രജിസ്ട്രേഷൻ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കാനും, അപേക്ഷാ ഫോമുകൾ അവലോകനം ചെയ്യാനും, പിശകുകൾ ഒഴിവാക്കാനും ഇതിലൂടെ അപേക്ഷകർക്ക് സാധിക്കും. പരീക്ഷ 2025 ഡിസംബർ 7 ന് ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ഒറ്റ ഷിഫ്റ്റിൽ ആണ് നടത്തുന്നത്.
യു.ജി, പി.ജി പ്രോഗ്രാമുകൾക്കായുള്ള ‘ക്ലാറ്റ്-2026’ അപേക്ഷാഫീസ് 4000 രൂപയാണ്. എസ്.സി/എസ്.ടി/ഭിന്നശേഷി/ബി.പി.എൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 3500 രൂപ മതി.
യോഗ്യത: പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ 45 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതിയാകും. 2026 മാർച്ച്/ഏപ്രിൽ മാസത്തിൽ യോഗ്യതാ പരീക്ഷ (പ്ലസ്ടു)യെഴുതുന്നവർക്കും അപേക്ഷിക്കാം.
ഏകവർഷ എൽ.എൽ.എം കോഴ്സിന് 50 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ നിയമ ബിരുദമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. 2026 ഏപ്രിൽ/മേയ് മാസത്തിൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പരീക്ഷാഘടനയും സിലബസും പരീക്ഷാകേന്ദ്രങ്ങളും പ്രവേശന നടപടി ക്രമങ്ങളും അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ക്ലാറ്റിൽ പങ്കാളികളായ ദേശീയ നിയമ സർവകലാശാലകൾ കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, സിൽവാസ, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗബാദ്, ഷിംല, ജബൽപുർ, ഹരിയാന, അഗർതല, പ്രയാഗ് രാജ്, ഗോവ എന്നിവിടങ്ങളിലാണുള്ളത്.
കോഴ്സുകൾ അതത് സർവകലാശാലയുടെ വെബ്സൈറ്റിലുണ്ട്. യു.ജി വിഭാഗത്തിൽ ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.എസ് സി എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.എസ്.ഡബ്ല്യു എൽഎൽ.ബി ഓണേഴ്സ് മുതലായ കോഴ്സുകളിലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.