സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാ മൂല്യനിർണയം; പരാതികൾ പാർലമെന്ററി സമിതി പരിശോധിക്കും

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ പാർലമെന്ററി സമിതി പരിശോധിക്കും. വിദ്യാർഥികളുടെ ആശങ്കകൾ പരിശോധിക്കാനും നടപടികൾ നിർദേശിക്കാനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഉന്നതതല യോഗം വിളിച്ചുചേർക്കും. സാങ്കേതിക തകരാറുകൾ, മൂല്യനിർണയത്തിലെ പൊരുത്തക്കേടുകൾ, പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നീക്കം.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരിൽനിന്ന് വിശദാംശങ്ങൾ തേടും. ഇതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനും സി.ബി.എസ്.ഇ ചെയർപേഴ്‌സൺ രാഹുൽ സിങ്ങിനും പാനലിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നോട്ടീസ് നൽകി. ഒ.എസ്.എം സംവിധാനത്തെക്കുറിച്ചും വിദ്യാർഥികളുടെ പരാതികളെക്കുറിച്ചും ഇവരിൽനിന്ന് വിശദീകരണം തേടും. സി.ബി.എസ്.ഇ വിദ്യാർഥികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേക്കും.

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ ഡയറക്ടർ ജനറലിനെ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചിരുന്നു. സാങ്കേതിക, സൈബർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഉയർന്ന പരാതികളും പരിശോധിക്കും. കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി ഒമ്പത്, 10 ക്ലാസുകളിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.

Tags:    
News Summary - CBSE OSM System set to come under intense parliamentary scrutiny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.