നീറ്റ് പി.ജി 2026 രജിസ്ട്രേഷൻ നാളെ അവസാനിക്കും
ന്യൂഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തുന്ന നീറ്റ് പി.ജി 2026 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന് ചൊവ്വാഴ്ച വരെ. ജൂലൈ 21 രാത്രി 11.55 വരെ അപേക്ഷിക്കാനാണ് അവസരം.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ അവസാന നിമിഷം വരെ കാത്തിരിക്കാതെ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 30നാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക.
അപേക്ഷകർ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഇന്റേൺഷിപ്പ് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചശേഷം ഫോം അന്തിമമായി സമർപ്പിക്കണമെന്നും എൻ.ബി.ഇ.എം.എസ് നിർദേശിച്ചു.
അപേക്ഷ സമർപ്പിച്ച ശേഷം വിവരങ്ങളിൽ തിരുത്തൽ ആവശ്യമുള്ളവർക്ക് ജൂലൈ 25 മുതൽ 28 വരെ എഡിറ്റ് വിൻഡോ ലഭ്യമാകും. അവസാന ദിവസത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ അപേക്ഷ നേരത്തേ പൂർത്തിയാക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.
നീറ്റ് പി.ജി അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം?
- natboard.edu.in എന്ന ഔദ്യോഗിക എൻ.ബി.ഇ.എം.എസ് വെബ്സൈറ്റ് സന്ദർശിക്കുക
- നീറ്റ് പി.ജി 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
- ലോഗിൻ ചെയ്ത് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക
- ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക
- ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകൾ വഴി അപേക്ഷാ ഫീസ് അടക്കുക
- അന്തിമ സമർപ്പണത്തിന് മുമ്പ് നൽകിയ എല്ലാ വിശദാംശങ്ങളും പരിശോധിക്കണം
- അപേക്ഷാ ഫോം സമർപ്പിച്ചതിന് ശേഷം ഭാവിയിലെ ആവശ്യത്തിന് പേജ് ഡൗൺലോഡ് ചെയ്യുക
എം.ബി.ബി.എസ് കഴിഞ്ഞുള്ള ഡി.എൻ.ബി/ഡോ.എൻ.ബി/എൻ.ബി.ഇ.എം.എസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ്-പി.ജി യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുശ്ശേരി, പിജിമെർ ചണ്ഡീഗഡ്, നിംഹാൻസ് ബംഗളൂരു, ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി പ്രവേശനം ‘നീറ്റ്-പി.ജി’യുടെ പരിധിയിൽപെടില്ല. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനങ്ങളിലേക്ക് പ്രത്യേക പരീക്ഷയുണ്ട്. ‘നീറ്റ്-പി.ജി 2026’ വിജ്ഞാപനവും വിവരണ പത്രികയും https://natboard.edu.inൽ.
ആഗസ്റ്റ് 30ന് രാവിലെ 9 മുതൽ 12.30 മണിവരെയാണ് പരീക്ഷ. രാവിലെ ഏഴു മുതൽ 8.30 മണിവരെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാം. 8.45ന് കമ്പ്യൂട്ടർ ലോഗിൻ ചെയ്ത് നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കാം. പരീക്ഷാകേന്ദ്രത്തിൽ സെക്യൂരിറ്റി ചെക്കിംഗ് നടപടികളുടെ ഭാഗമായി ഫേസ് ഐ.ഡി, ബയോമെട്രിക് പരിശോധനകളുണ്ടാവും. അഡ്മിറ്റ് കാർഡിന് പുറമെ പാൻകാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട്/ആധാർ കാർഡ് എന്നിവയിലൊന്ന് കൂടി കൈവശം കരുതണം. ഫലം സെപ്റ്റംബർ 30ന് പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.