പെൺകുട്ടികൾ മുന്നിൽ... ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ എണ്ണം വർധിച്ചുവെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ എൻറോൾമെന്റ് 2021-22ലെ 2.06 കോടിയിൽ നിന്ന് 2023-24ൽ 2.23 കോടിയായി വർധിച്ചു. ഇതേ കാലയളവിൽ പെൺകുട്ടികളുടെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജി.ഇ.ആർ) 28.5ൽനിന്ന് 31.2 ആയി ഉയർന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കോളർഷിപ്പുകൾ, അടിസ്ഥാന സൗകര്യ വികസനം, വനിതാ സൗഹൃദ പദ്ധതികൾ എന്നിവയാണ് ഈ മുന്നേറ്റത്തിന് കാരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ പ്രവേശനം തുടർച്ചയായി ഉയരുകയാണെന്ന് ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടികളുടെ ജി.ഇ.ആർ ആൺകുട്ടികളുടേതിനേക്കാൾ ഉയർന്ന നിലയിൽ തുടരുകയാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതകളുടെ പങ്കാളിത്തം പുരുഷൻമാരേക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ, വിവിധ സ്കോളർഷിപ്പ് പദ്ധതികൾ, പിന്നാക്ക മേഖലകളിലെ വിദ്യാർഥിനികൾക്കുള്ള പ്രത്യേക സഹായങ്ങൾ എന്നിവ എൻറോൾമെന്റ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ നടപ്പാക്കിയ സൂപ്പർന്യൂമററി സീറ്റുകൾ വനിതാ പ്രവേശനം വർധിപ്പിക്കാൻ സഹായിച്ചു. ഇതോടെ ഈ സ്ഥാപനങ്ങളിലെ പെൺകുട്ടികളുടെ പ്രവേശനനിരക്ക് 10 ശതമാനത്തിൽ താഴെയായിരുന്നതിൽ നിന്ന് 20 ശതമാനത്തിലേറെയായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. ശാസ്ത്ര-സാങ്കേതിക (STEM) മേഖലകളിലും പെൺകുട്ടികളുടെ പങ്കാളിത്തം ക്രമേണ വർധിച്ചുവരുകയാണെന്നും വിദ്യാഭ്യാസരംഗത്ത് ലിംഗസമത്വം ഉറപ്പാക്കാൻ വിവിധ പദ്ധതികൾ തുടരുമെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു.

Tags:    
News Summary - Women participation in higher education continues to rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.