സംസ്ഥാനത്ത് സ്‌കൂൾ പഠനം ഉപേക്ഷിച്ചത് 2914 വിദ്യാർഥികൾ; താൽപര്യമില്ലാത്തതിനാൽ പഠനം നിർത്തിയത് 704 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽനിന്ന് 2024-25 അധ്യയന വർഷത്തിൽ പഠനം ഉപേക്ഷിച്ചത് 2,914 വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷത്തിൽ 2,914 വിദ്യാർഥികളാണ് സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയത്. ഇതിൽ 24 ശതമാനം കുട്ടികളും പഠനത്തിൽ താത്പര്യം ഇല്ലാത്തതിനാലാണ് സ്‌കൂൾ ഉപേക്ഷിച്ചതെന്നും പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 704 പേരാണ് പഠനത്തിൽ താത്പര്യമില്ല കാരണം കൊണ്ട് പഠനം ഉപേക്ഷിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിച്ചത്. 297 കുട്ടികൾ വയനാട്ടിൽ പഠനം നിർത്തി. ഇതിൽ കൂടുതലും എട്ട് (48 പേർ), ഒമ്പത് (104 പേർ), പത്ത് (114 പേർ) ക്ലാസുകളിലെ കുട്ടികളാണെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

പാലക്കാട് 92 തൃശൂർ 60 കണ്ണൂർ 55 കുട്ടികളും പഠനം ഉപേക്ഷിച്ചു. പ്രശ്നബാധിത കുടുംബ പശ്ചാത്തലം കാരണം 174 കുട്ടികളും മതപഠനത്തിന് മുൻഗണന നൽകി 103 പേരും സ്‌കൂൾ വിട്ടു. സ്മാർട്ട് ഫോൺ ആസക്തി കാരണം 33 കുട്ടികളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഏഴ് കുട്ടികളുമാണ് പഠനം ഉപേക്ഷിച്ചത്. ഉത്സവ സീസൺ കഴിഞ്ഞ് സ്കൂളിൽ പോകാനുള്ള താത്‌പര്യക്കുറവിനാൽ 11 കുട്ടികൾ പഠനം നിർത്തി.

കുടുംബത്തിലെ സാമ്പത്തികസ്ഥിതി, സ്കൂളിലേക്കുള്ള യാത്രാദൂരം, യാത്രാ സൗകര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിൽ പഠനം നിർത്തിയവരുമുണ്ട്. കൂടാതെ പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം, അതി​ക്രമങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നാലു കുട്ടികളും പഠനം നിർത്തി.

ഇതിന് പുറമേ സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ മക്കളായ 1,070 കുട്ടികളുടെ പഠനവും മുടങ്ങി. ഇതിൽ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മാതപിതാക്കൾ ​ജോലിസ്ഥലം മാറിയതിനാലോ സ്വന്തം നാടുകളിലേക്ക് മാറിപ്പോയതിനാലോ ആണ് ഇവർക്ക് പഠനം നിർത്തേണ്ടിവന്നത്. എറണാകുളം ജില്ലയിൽ 390 കുട്ടികളും മലപ്പുറം 169, ഇടുക്കി 127 എന്നിങ്ങനെയാണ് പഠനം നിർത്തിയ അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ എണ്ണം. കൂടാതെ ​27 നേപ്പാൾ കുട്ടികളും രണ്ട് ബംഗ്ലാദേശ് കുട്ടികളും പഠനം നിർത്തി. സ്വന്തം രാജ്യത്തേക്ക് പോയതിനാലാണ് ഇവർ പഠനം നിർത്തിയതെന്നും അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - 2914 students dropped out of Kerala schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.