2026ലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം

ന്യൂഡൽഹി: 2026  ലെ 10,12 ക്ലാസുകളിൽ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ). എന്നാൽ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഹാജർ നിലയിൽ 25 ശതമാനം ഇളവ് ലഭിക്കും. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ പ​ങ്കെടുക്കുന്നവർ, മറ്റ് ഗുരുതര പ്രശ്നങ്ങളുള്ളവർ എന്നിവർക്കാണ് ഇളവ് ലഭിക്കുക.  2026 ജനുവരി 27നു മുമ്പ് ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിരിക്കണം. വൈകി കിട്ടുന്ന അപേക്ഷകൾ ഒരിക്കലും അംഗീകരിക്കില്ല.

ഈ സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകൾ സമർപ്പിച്ചാൽ മതിയാകും. വിദ്യാർഥികൾ രേഖകൾ സഹിതം പഠിക്കുന്ന സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയില്ലെങ്കിൽ അവധി അനധികൃതമായി പരിഗണിക്കും.

ഇത്തരക്കാരല്ലാതെ മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.കാരണങ്ങളില്ലാതെ അവധിയെടുക്കുന്നവരെ നോൺ അറ്റൻഡിങ് അഥവാ ഡമ്മി കാൻഡി​ഡേറ്റ് ആയാണ് കണക്കാക്കുക. പരീക്ഷക്ക് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനും സ്ഥിരമായ ഹാജർ നിർബന്ധമാണെന്ന് സി.ബി.എസ്.ഇ ബോർഡ് ചൂണ്ടിക്കാട്ടി.

രക്ഷിതാക്കളെ നേരത്തേ അറിയിക്കണം

ഈ അക്കാദമിക വർഷം ബോർഡ് പരീക്ഷകളെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമാക്കിയതു സംബന്ധിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കളെ നേരത്തേ അറിയിക്കണമെന്നും സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മതിയായ ഹാജരില്ലാത്ത വിദ്യാർഥികളെ അയോഗ്യരാക്കുമെന്നും സ്ഥിതി ഗൗരവമാണെന്ന് കണ്ടാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.വിദ്യാർഥികളുടെ ഹാജർ നിലയുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയതായും സി.ബി.എസ്.ഇ ബോർഡ് കൂട്ടിച്ചേർത്തു.

മാത്രമല്ല, വിദ്യാർഥികളുടെ ഹാജർ നില ഉറപ്പാക്കാൻ സി.ബി.എസ്.ഇ മിന്നൽ പരിശോധനകളും നടത്തും. ഈ പരിശോധനകൾ വഴി മതിയായ ഹാജരില്ലാത്ത വിദ്യാർഥികളെ കണ്ടെത്തിയാൽ അംഗീകാരം പിൻവലിക്കുന്നതുൾപ്പെടെ സ്കൂളിനെതിരെ കടുത്ത നടപടിയുമുണ്ടാകും.

സ്കൂൾ അധികൃതർ വിദ്യാർഥികളുടെ ഹാജർ നില നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജർ രേഖകൾ സൂക്ഷിക്കണമെന്നും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ദിവസവും ഹാജർ പരിശോധിച്ച് ക്ലാസ് ടീച്ചറും സ്കൂൾ മേധാവിയും രജിസ്റ്ററിൽ ഒപ്പുവെക്കം. എപ്പോഴും അവധിയെടുക്കുന്ന, മതിയായ ഹാജരില്ലാത്ത വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ അക്കാര്യം അറിയിക്കുകയും വേണം.


Tags:    
News Summary - CBSE Board Exams 2026: New attendance rules every student must follow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.