വിദ്യാർഥികൾ വികസിപ്പിച്ച ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടറിന്റെ പ്രവർത്തനം വിദഗ്ധർ പരിശോധിക്കുന്നു
തൊടുപുഴ: ക്ലാസ്മുറിക്ക് പുറത്ത് ആശയങ്ങളെ ആധുനിക ലോകത്തിന്റെ അടയാളങ്ങളാക്കി ശ്രദ്ധ നേടുകയാണ് ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാർഥികൾ. തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഇവർ വികസിപ്പിച്ച സംവിധാനങ്ങൾ നാളെയുടെ പ്രതീക്ഷകളായി വിലയിരുത്തപ്പെടുന്നു. സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടർ, റോബോട്ടിക് ഫീഡർ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഡിമ്മർ, സ്മാർട്ട് മെഡിസിൻ ബോക്സ്, ഓട്ടോമാറ്റിക് ദോശ നിർമാണ യൂനിറ്റ് എന്നിവയാണ് കോളജിലെ 27 വിദ്യാർഥികൾ ചേർന്ന് വികസിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് വ്യവസായിക പരിശീലനം നല്‍കുന്നതിന് ഇടുക്കി ഗവ. എൻജിനീയറിങ് കോളജും ഐ.ഐ.ടി മദ്രാസ് ഇന്‍കുബേഷന്‍ സെല്ലും സംയുക്തമായി ആരംഭിച്ച പ്രോജക്ട് അധിഷ്ഠിത പഠനരീതിയായ എല്‍.ഇ.എ.പിയുടെ (ലേണിങ് എൻജിനീയറിങ് ത്രോ ആക്ടിവിറ്റി പ്രോഗ്രാം-ലീപ്) ഭാഗമായാണ് കോളജിലെ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ പ്രവര്‍ത്തന മാതൃകകള്‍ നിർമിച്ചത്. ഇതിൽ ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടർ ഒന്നാം സ്ഥാനവും റോബോട്ടിക് ഫീഡർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാര്‍ഥികളായ ആദിത്യന്, ഹാഫിസ് മുഹമ്മദ്, ആദിത്യ, അമല്‍ഷാ, പ്രിയാഷ എന്നിവര്‍ ചേർന്നാണ് ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടര്‍ വികസിപ്പിച്ചത്. നിരവധി സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഡിറ്റക്ടര്‍, ഒരു ബൈക്ക് അപകടത്തില്‍പെട്ടാൽ അപകടസ്ഥലം കൃത്യമായി നിർണയിച്ച് നിരവധി നമ്പറുകളിലേക്ക് സ്വയം സന്ദേശം അയക്കുന്നതിനൊപ്പം മുമ്പ് സേവ് ചെയ്ത ഒരു നമ്പറില്‍ വിളിച്ച് വിവരം നൽകുകയും ചെയ്യും. വൈഷ്ണവ്, അമല്‍ ഷാജി, വിസ്മയ, റിന്‍ഷ, മാനുവല്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് റോബോട്ടിക് ഫീഡര്‍ നിർമിച്ചത്.
ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും എളുപ്പത്തിൽ ഭക്ഷണം നൽകാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതിലെ റോബോട്ടിക് കൈ സ്പൂണിൽ ഭക്ഷണം എടുത്ത് വായുടെ അറ്റം വരെ എത്തിക്കും. എതിരെ വരുന്ന വാഹനം കാമറയിലൂടെ കണ്ടെത്തി ഹെഡ്ലൈറ്റുകള് താനേ ഡിം ചെയ്യുന്നതാണ് ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഡിമ്മര്‍.
പഠനത്തിരക്കിനിടയിലും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാൻ ലഭിച്ച അവസരം വിദ്യാർഥികൾ സമർഥമായി ഉപയോഗപ്പെടുത്തിയെന്ന് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിയും ലീപ് കോഓഡിനേറ്ററുമായ ഡോ. റീന നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.